അവിശ്വാസ പ്രമേയം പാസായി; വയനാട് പനമരത്ത് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റിന് സ്ഥാനം നഷ്ടമായി
വയനാട്ടിലെ പനമരം ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡൻ്റിന് പദവി നഷ്ടമായി. പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായതാണ് എൽഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ഇന്ന് രാവിലെ ചര്ച്ചയ്ക്കെടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ജനതാദൾ സെക്കുലറിൻ്റെ ചിഹ്നത്തിൽ 11-ാം വാർഡിൽ നിന്നും മത്സരിച്ചു വിജയിച്ച ബെന്നി ചെറിയാൻ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ നാല് ആവശ്യങ്ങൾ ഉന്നയിച്ച് ഓഫിസിനു മുന്നിൽ 16 ദിവസം നിരാഹാര സമരം നടത്തിയത്. ഇതിന് പിന്നാലെ ബെന്നി ചെറിയാനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഈ അവസരം മുതലെടുത്താണ് യുഡിഎഫ് പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. 23 അംഗ ഭരണ സമിതിയിൽ അവിശ്വാസ പ്രമേയം പാസാകാൻ 12 വോട്ടാണ് വേണ്ടിയിരുന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും എൽഡിഎഫ് ബിജെപി അംഗങ്ങൾ അംഗങ്ങൾ വിട്ടു നിന്നു. എൽഡിഎഫിൽനിന്ന് പുറത്താക്കിയ ബെന്നി ചെറിയാൻ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
23 അംഗങ്ങൾ ഉള്ള പനമരം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷി നില. പ്രസിഡൻ്റിനെതിരെ യുഡിഎഫ് അംഗങ്ങൾ കൊണ്ട് വന്ന അവിശ്വാസപ്രമേയം ഇന്ന് രാവിലെ പനമരം ബ്ലോക്ക് സെക്രട്ടറി ഷീബയുടെ സാന്നിധ്യത്തിലാണ് ചർച്ചയ്ക്ക് എടുത്തത്.
നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു സിപിഐഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ തോമസ് പാറക്കാലയിലും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് ആവിശ്വാസ പ്രമേയത്തിലൂടെ സിപിഐഎം പ്രതിനിധിക്ക് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായിരിക്കുന്നത്. പ്രസിഡൻ്റിനെ പുറത്താക്കിയതിൽ ആഹ്ളാദം പ്രകടിപ്പിച്ചു യുഡിഫ് പ്രവർത്തകർ പനമരം ടൗണിൽ പ്രകടനം നടത്തി.