ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ പുരുഷ ടീം; ബ്രിട്ടനെ വീഴ്ത്തി സെമിയിൽ (3–1)
ടോക്കിയോ∙ അഞ്ച് പതിറ്റാണ്ടിനിടെ ഒളിംപിക് ഹോക്കിയിൽ എട്ടു സ്വർണം. അടുത്ത നാലു പതിറ്റാണ്ടിൽ മെഡൽ പട്ടികയിൽ പോലും ഇടമില്ല! നാണക്കേടിന്റെ നാലു പതിറ്റാണ്ടിനു ശേഷം ഒളിംപിക് ഹോക്കിയിൽ തിരിച്ചുവരവു ലക്ഷ്യമിടുന്ന ഇന്ത്യൻ ടീം ടോക്കിയോ ഒളിംപിക്സിൽ തകർപ്പൻ വിജയത്തോടെ സെമി ഫൈനലിൽ. ശക്തരായ ബ്രിട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യൻ ജഴ്സിയിൽ 50–ാം മത്സരത്തിന് ഇറങ്ങിയ ദിൽപ്രീത് സിങ് (7), ഗുർജന്ത് സിങ് (16), ഹാർദിക് സിങ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. ബ്രിട്ടന്റെ ആശ്വാസ ഗോൾ 45-ാം മിനിറ്റിൽ സാമുവൽ വാർഡ് നേടി.
മലയാളിയായ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായത്. ചൊവ്വാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ ബൽജിയമാണ് ഇന്ത്യയുടെ എതിരാളി. ക്വാർട്ടറിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബൽജിയം സ്പെയിനെ മറികടന്നത്.
ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയും ജർമനിയും തമ്മിലാണ് രണ്ടാം സെമി. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ഓസീസ് മുന്നേറിയത്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചു. ഷൂട്ട് ഓഫിൽ 3–0നാണ് ഓസീസിന്റെ വിജയം. നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ 3–1ന് തോൽപ്പിച്ചാണ് ജർമനി സെമിയിൽ കടന്നത്.
നാലു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിനുശേഷമാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിംപിക്സ് സെമിയിൽ കടക്കുന്നത്. 1984ലെ ലൊസാഞ്ചലസ് ഗെയിംസിൽ നേടിയ 5–ാം സ്ഥാനമാണ് സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം. ഏറ്റവും ഒടുവിൽ സെമിയിൽ കടന്നതും സ്വർണം നേടിയതും 1980ലെ മോസ്കോ ഒളിംപിക്സിലും.
ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരെ കനത്ത പരാജയം സംഭവിച്ചതൊഴികെ ഭേദപ്പെട്ട പ്രകടനത്തിലൂടെയാണ് ടീം ക്വാർട്ടറിനു യോഗ്യത നേടിയത്. തികച്ചും വിപരീത വഴികളിലൂടെയാണ് ഇന്ത്യയും ബ്രിട്ടനും ക്വാർട്ടറിലെത്തിയത്. പൂളിലെ അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ചാണ് ഇന്ത്യയുടെ വരവ്. തിരിച്ചടിയായത് ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയ്‌ക്കെതിരെ വഴങ്ങിയ വൻ തോൽവി മാത്രം. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഓസ്ട്രേലിയ ഇന്ത്യയെ തകർത്തത്.
പൂളിലെ അവസാന മത്സരത്തിൽ ബൽജിയത്തെ സമനിലയിൽ തളച്ചാണ് ബ്രിട്ടൻ പൂൾ ബിയിൽ മൂന്നാം സ്ഥാനത്തോടെ ക്വാർട്ടറിൽ കടന്നത്. ആദ്യ നാലു കളികളിൽനിന്ന് രണ്ടു വീതം വിജയവും തോൽവിയുമായിരുന്നു ബ്രിട്ടന്റെ സമ്പാദ്യം. മൂന്നുതവണ ഒളിംപിക് സ്വർണം നേടിയിട്ടുള്ള ബ്രിട്ടൻ ഏറ്റവും ഒടുവിൽ വിജയം നേടിയത് 1988ലെ സോൾ ഒളിംപിക്സിലാണ്.