Letterhead top
previous arrow
next arrow
കായികം

വെങ്കലത്തിൽ തിളങ്ങി സിന്ധു ഇന്ത്യയുടെ ‘പൊന്ന്’; 2–ാം ഒളിപിക്സിലും മെഡൽ



ടോക്കിയോ ∙ റിയോ ഡി ജനീറോയ്ക്കു പിന്നാലെ ടോക്കിയോയിലും ഇന്ത്യൻ കായിക സ്വപ്നങ്ങൾക്കു മേൽ ഒളിംപിക് മെഡലിന്റെ തിളക്കമുള്ള വിജയ സിന്ധൂരം ചാർത്തി പി.വി. സിന്ധു. ഏറെ മോഹിച്ച സുവർണനേട്ടം കൈവിട്ടെങ്കിലും ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാം ഒളിംപിക്സിലും സിന്ധു മെഡൽ പട്ടികയിൽ ഇടംപിടിച്ചു. ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയേയാണ് സിന്ധു തോൽപ്പിച്ചത്. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. സ്കോർ: 21-13, 21-15.

ആത്മവിശ്വാസത്തിന്റെ ആൾരൂപമായി കോർട്ടിൽ നിറഞ്ഞുകളിച്ച സിന്ധു, വെറും 53 മിനിറ്റിനുള്ളിൽ വിജയവും വെങ്കല മെഡലും സ്വന്തമാക്കി. വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ആദ്യ ഇന്ത്യൻ വനിതയുമാണ് സിന്ധു. ഗുസ്തി താരം സുശീൽ കുമാറാണ് ഇതുവരെ 2 ഒളിംപിക്സുകളിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം. 2008 ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലം നേടിയ സുശീൽ കുമാർ 2012ൽ ലണ്ടനിൽ വെള്ളിയും സ്വന്തമാക്കി.

സിന്ധുവിന്റെ വിജയത്തോടെ ടോക്കിയോയിൽ ഇന്ത്യൻ മെഡൽ നേട്ടം മൂന്നായി. മൂന്നു മെഡലുകളും വനിതാ താരങ്ങളുടെ വകയാണെന്ന പ്രത്യേകതയുമുണ്ട്. ഭാരോദ്വഹനത്തിൽ മീരാബായ് ചാനു നേടിയ വെള്ളി മെഡലോടെയാണ് ഇന്ത്യ ടോക്കിയോയിൽ അക്കൗണ്ട് തുറന്നത്. പിന്നാലെ ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ കടന്ന് മെഡൽ ഉറപ്പാക്കി. ലവ്‌ലിനയ്ക്ക് ഇപ്പോഴും സ്വർണ മെഡൽ നേടാൻ അവസരമുണ്ട്. ഇപ്പോൾ പി.വി. സിന്ധുവിന്റെ വെങ്കലം കൂടിയായതോടെ ഇന്ത്യൻ മെഡൽ നേട്ടം മൂന്ന്!

ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരിയായ സിന്ധു അനായാസമാണ് ഒൻപതാം റാങ്കുകാരിയായ ചൈനീസ് താരത്തെ മറികടന്നത്. ഇതിനു മുൻപ് 2019 വേൾഡ് ടൂർസ് ഫൈനലിൽ ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോഴും ജയം സിന്ധുവിനായിരുന്നു. ഇരുവരും നേർക്കുനേരെത്തിയ 16 മത്സരങ്ങളിൽ സിന്ധുവിന്റെ പേരിൽ ഏഴു വിജയങ്ങളായി. ഒൻപത് തവണ ജിയാവോയും വിജയിച്ചു.


സെമിഫൈനൽ തോൽവിയുടെ വേദന മറന്ന് തൊട്ടടുത്ത ദിവസമാണ് സിന്ധു ടോക്കിയോയിൽ വെങ്കലം സ്വന്തമാക്കിയത്. ഇന്നലെ സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കാണു സിന്ധു പരാജയപ്പെട്ടത് (21–18, 21–12). എങ്കിലും ലൂസേഴ്സ് ഫൈനലിലെ വിജയത്തോടെ തുടർച്ചയായി 2 ഒളിംപിക്സുകളിൽ മെഡൽ എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. 2016 റിയോ ഒളിംപിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!