കൃപേഷ് – ശരത് ലാൽ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞത് ആശ്വാസകരം- അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
കൃപേഷ് ശരത് ലാൽ വധക്കേസിൽ. CPI(M) ഗൂഡാലോചന നടത്തി, ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്നും പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതോടെ CPI(M) മുൻ MLA ഈ കേസിൽ മുഖ്യപ്രതിയാണെന്ന് തെളിഞ്ഞു.
ഇടതുപക്ഷ സർക്കാർ തേച്ചു മായ്ച്ച് കളയാൻ ശ്രമിച്ചപ്പോൾ പാർട്ടി നേതൃത്വം CBIയ്ക്ക് വിടണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയതിനാലാണ് നീതി നടപ്പിലാകുന്നത്. ഇക്കാര്യത്തിൽ CBI അന്വേഷണം വേണ്ടെന്ന് വയ്പിക്കാൻ ആണ് സർക്കാർ ശ്രമിച്ചത്. ഒടുവിൽ സുപ്രീം കോടതിയിൽ വരെ ഖജനാവിൽ നിന്നും കോടികൾ ചെലവാക്കി പ്രതികളെ രക്ഷപെടുത്താൻ സർക്കാർ ശ്രമിക്കുകയായിരുന്നു.
2019 ഫെബ്രുവരി 17 ന് ഞെട്ടലോടെ കേരളം ഈ ദാരുണമായ വാർത്ത കേട്ട് ഞെട്ടിയപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അന്നു പ്രഖ്യാപിച്ച ഹർത്താൽ ഈ അവസരം ഞാൻ ഓർക്കുകയാണ്. ഹൈക്കോടതിയുടെ ശാസനയെ ധിക്കരിച്ചാണ് അന്നു ഹർത്താൽ പ്രഖ്യാപിച്ചത്. 214 കേസാണ് സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് സഹപ്രവർത്തകർക്കൊപ്പം എന്റെ പേരിൽ കേരളത്തിലെ മുഴുവൻ കോടതികളിലുമായി രജിസ്ടർ ചെയ്തത്. അന്നു മുതൽ ഇന്നുവരെ ഈ ഒരു വിധിക്കായി കാത്തു നിൽക്കുകയായിരുന്നു.
ഈ വേളയിൽ മക്കൾ നഷ്ടപ്പെട്ട 2 അച്ഛനമ്മമാർ, മറ്റു കുടുംബാംഗങ്ങൾ എന്നിവരെ പ്രത്യേകമായി സ്മരിക്കുകയാണ്. പ്രിയപ്പെട്ട സത്യനാരയണേട്ടനെയും, കൃഷ്ണേട്ടനേയും സ്മരിക്കുന്നു. അവരുടെ പോരാട്ടവീര്യവും, ആത്മവീര്യവും ഏക്കാലവും സ്മരിക്കപ്പെടും.
നിയമ പോരാട്ടത്തിന് സഹായിച്ചവരെയും പ്രത്യേകം ഓർക്കുകയാണ്. Adv ആസിഫ് അലി സാറിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. സംഭവമുണ്ടായ സമയത്ത് നേതൃത്വത്തിലുണ്ടായിരുന്ന മുഴുവൻ പാർട്ടി നേതൃത്വത്തെ പറ്റി പ്രത്യേകം പരാമർശിക്കേണ്ടതാണ്. അന്ന് യൂത്ത്കോൺഗ്രസ് കാസർഗോഡ് പാർലമെന്റ്പ്രസിഡന്റ് സാജിദ് മൗവ്വൽ, ഡി. സി സി പ്രസിഡന്റ് ആയിരുന്ന ഹക്കിം കുന്നിൽ, യു.ഡി.എഫ് ചെയർമാൻ ഗോവിന്ദൻ നായർ, യു.ഡി.എഫ് കൺവീനറും, മുൻ MLAയും ആയിരുന്ന എം സി ഖമറുദീൻ എന്നിവരെ പറ്റി പ്രത്യേകം എടുത്തു പറയുകയാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി അന്ന് ഒറ്റക്കെട്ടായി സംസ്ഥാനമൊട്ടാകെ നടത്തിയതായ പോരാട്ടങ്ങൾ, അന്ന് കാസർകോഡ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നടത്തിയ ത്യാഗനിർഭരമായ പോരാട്ടങ്ങൾ എത്രയോ കേസുകളിലാണ് അവർ വേട്ടയാടപ്പെട്ടത്. എല്ലാത്തിനും ഒരു നീതിയുടെ പരിഗണന ലഭിക്കാതെ പോകില്ല എന്നത് ഇപ്പോൾ അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവുമായി ഞാനും , അന്ന് വൈസ് പ്രസിഡന്റും ഇപ്പോൾ കരുനാഗപ്പള്ളി MLAയുമായ CR മഹേഷും പെരിയയിൽ നിന്ന് ആരംഭിച്ച പ്രയാണം തിരുവനന്തപുരം, തിരുവല്ലം പരശുരാമ ക്ഷേത്രം വരെ അന്ന് നടത്തിയപ്പോൾ കേരള ജനത വികാര നിർഭരമായ സ്വീകരണമാണ് നൽകിയത്. ആ വികാരം കേരള ജനതയുടെ ആത്മനൊമ്പരമായി ഇന്നും നിലനിൽക്കുന്നു.