‘നിശബ്ദര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എംടി ശബ്ദം നല്‍കി’; അനുശോചിച്ച് പ്രധാനമന്ത്രി
എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള രാഷ്ട്രീയത്തിലെയും സിനിമയിലെയും ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് എം ടി എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മനുഷ്യ വികാരങ്ങളെ ആഴത്തില്‍ പര്യവേഷണം നടത്തിക്കൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ തലമുറകളെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചുവെന്നും ഇനി വരുന്ന തലമുറകളെയും സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിശബ്ദര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അദ്ദേഹം ശബ്ദം നല്‍കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവന്‍ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കുറിച്ചു. അദ്ദേഹത്തിന്റെ കഥകളെല്ലാം കേരളത്തിന്റെ സംസ്‌കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനില്‍ക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത് – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി. എംടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു എംടിയുടെ അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.