കമ്മിറ്റ്‌മെൻ്റ് ജീവിതത്തോട് അല്ല കലയോടാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു എം കെ സാനു
എം ടി തൻ്റെ മേഖലയിൽ നൂറ് ശതമാനം കൂറു പുലർത്തിയ വ്യക്തിയാണെന്നും അദ്ദേഹത്തിൻ്റെ വിയോഗം മലയാള സാഹിത്യത്തിന് തന്നെ അഗാധമായ നഷ്ടബോധം ഉണ്ടാക്കുന്നുവെന്നും എഴുത്തുകാരനും അധ്യാപകനുമായ എം കെ സാനു.
‘മരണം ജീവിതത്തിൻ്റെ വിരാമ ചിഹ്നമാണ് സംഭവിച്ചേ പറ്റു. എങ്കിലും അദ്ദേഹത്തെ പോലെ ഇന്ത്യൻ സാഹിത്യത്തിന് അതിൽ തന്നെ മലയാള സാഹിത്യത്തിന് സംഭാവന ചെയ്തയാൾ ഇല്ലാതെയാകുമ്പോൾ അഗാധമായ നഷ്ടബോധം അനുഭവപ്പെടുന്നു. വളരെ ചുരുക്കം സുഹ്യത്തുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാൽ തന്നെ തൻ്റെ മേഖലയിൽ നൂറ് ശതമാനം കൂറു പുലർത്തിയ വ്യക്തിയാണ് അദ്ദേഹം.’ എം കെ സാനു പറഞ്ഞു.
എഡിറ്റർ എന്ന തരത്തിൽ സമകാലിക വിഷയങ്ങളിലും അദ്ദേഹം ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്നും കമ്മിറ്റ്‌മെൻ്റ് എന്തിനോടാണ് എന്ന് ഒരിക്കൽ ചോദിപ്പോൾ കമ്മിറ്റ്‌മെൻ്റ് ജീവിതത്തോട് അല്ല അത് കലയോടാണ് എന്ന് പറഞ്ഞുവെന്നും എം കെ സാനു മാധ്യമങ്ങളോട് പറഞ്ഞു. എം ടിയുടെ മികച്ച എഴുത്തുകളിൽ ഒന്നായ മഞ്ഞ് കാത്തിരിപ്പിൻ്റെ കഥയാണെന്നും കാത്തിരിപ്പിൻ്റെ കഥ ലോകത്ത് എല്ലായിടത്തും ഉണ്ടെങ്കിലും കാത്തിരിപ്പിൻ്റെ തീവ്രത കാട്ടി തന്നത് മഞ്ഞാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.