നെടുങ്കണ്ടത്തെ സ്റ്റാർ ജൂല്വറിയിൽ നിന്നും സ്വർണ്ണാഭരണം മോഷ്ടിക്കുവാൻ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളിയെ കടയുടമ കൈയ്യോടെ പിടികൂടി നെടുങ്കണ്ടം പോലീസിനെ ഏൽപ്പിച്ചു.
തിങ്കളാഴ്ച (23.12.2023) ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കാതിൽ ഇടാനുള്ള കടുക്കൻ വാങ്ങാൻ എന്ന ഭാവേന നെടുങ്കണ്ടം പടിഞ്ഞാറെ ക്കവലയിൽ പ്രവർത്തിക്കുന്ന സ്റ്റാർ ജൂല്ല്വറിയിൽ എത്തിയ രണ്ട് യുവാക്കളാണ് മോഷണ ശ്രമം നടത്തിയത്. ആവശ്യപ്പെട്ട പ്രകാരം കടുക്കൻ കാണിച്ച കട ഉടമയോട് മറ്റൊരു ആഭരണം കാണിക്കുവാൻ നിർദ്ദേശിച്ചു. അത് എടുത്ത് കാണിക്കുവാൻ തിരിഞ്ഞ നേരത്താണ് മേശപ്പുറത്ത് ഇരുന്ന കടുക്കൻ യുവാക്കളിൽ ഒരാൾ എടുത്ത് പോക്കറ്റിൽ ഇട്ടത്. ഇത് ശ്രദ്ധയിൽ പെട്ടയുടൻ കടയുടമ കൈയോടെ പിടികൂടി പോക്കറ്റിൽ നിന്നും സ്വർണ്ണ കടുക്കൻ തിരിച്ചെടുത്തു. ഉടൻ തന്നെ നെടുങ്കണ്ടം പോലീസിനെ വിവരം അറിയിച്ചു. അതോടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ കടയിൽ നിന്നും ഇറങ്ങി ഓടി.
നെടുങ്കണ്ടം എസ്എച്ച്ഒ ജെർലിൻ വി സ്കറിയ, സബ് ഇൻസ്പെക്ടർ ബിജോ പി മാണി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഓടി രക്ഷപെട്ട കൂട്ടാളിയെ ശാന്തൻപാറയ്ക്ക് സമീപം വെച്ച് പൊലീസ് പിടി കൂടിയതായി അനൗദ്യോഗികമായി അറിയുവാൻ കഴിഞ്ഞത്. ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ് പൊലീസ്. ഇതിന് മുമ്പ് സ്റ്റാർ ജൂല്ല്വറിയിൽ നിന്നും സ്വർണ്ണാഭരണം വാങ്ങിയിട്ടുള്ള പരിചയമാണ് മോഷ്ടിക്കാനായി ഈ കട തിരഞ്ഞെടുക്കാൻ കാരണം. കൂടുതൽ ആഭരണങ്ങൾ നഷ്ടപ്പെട്ടോയെന്നറിയുന്നതിനായി കടയിലെ സിസിടിവി ദൃശ്യം വിശദമായി പരിശോധന നടത്തി വരികയാണ്.