44.5 ലക്ഷത്തിന്റെ നാഗമാണിക്യം തട്ടിപ്പ്:പ്രതി റിമാൻഡിൽ
വണ്ടൻമേട് : നാഗമാണിക്യവും റൈസ് പുള്ളറും നൽകാമെന്ന് പറഞ്ഞ് 44.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. മൂന്നാർ പഞ്ചായത്ത് ചട്ടമൂന്നാർ 291 വീട്ടിൽ തിരുമുരുകനെയാണ്(52) വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്. 2020 നവംബറിലാണ് വണ്ടൻമേട് പോലീസ് നാഗമാണിക്യം തട്ടിപ്പ് സംഘത്തിനെതിരെ കേസെടുക്കുന്നത്. തിരുമുരുകന്റെ നേതൃത്വത്തിൽ അന്തസംസ്ഥാന ബന്ധമുള്ള സംഘം ചേറ്റുകുഴി സ്വദേശികളിൽനിന്നായി 44.5 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട ചേറ്റുകുഴി സ്വദേശികൾ വണ്ടൻമേട് പോലീസിൽ പരാതി നൽകി. തുടർന്ന് ഒളിവിൽ പോയ തിരുമുരുകന്റെ സംഘത്തിലെ ചിലരെ 2020-ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുമുരുകൻ ചട്ടമൂന്നാറിലെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ച വണ്ടൻമേട് പോലീസ് വെള്ളിയാഴ്ച രാത്രി മൂന്നാറിലെത്തി പിടികൂടുകയായിരുന്നു. വണ്ടൻമേട് സി.ഐ. നവാസ്, എസ്.ഐ. ജേസ് പി.ജേക്കബ്, സി.പി.ഒ.മാരായ രാജേഷ്, ബാബുരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.