പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി; ‘യുവാക്കളുടെ സ്വപ്നങ്ങളെ കേന്ദ്രം വരുമാനമാക്കുന്നു’, വിമർശനവുമായി പ്രിയങ്ക ഗാന്ധി
പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി ചുമത്തിയ കേന്ദ്രത്തിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എം പി. ”കുട്ടികളെ പഠിപ്പിക്കുന്നതിനായും അവരെ പരീക്ഷകളിൽ തയ്യാറെടുപ്പിക്കുന്നതിനായും പലതും ത്യജിച്ച് രക്ഷിതാക്കള്‍ സ്വരുക്കൂട്ടുന്ന തുക കേന്ദ്രം വരുമാന മാർഗമാക്കി മാറ്റുകയാണ്. യുവാക്കൾക്ക് ജോലി നൽകാൻ ബി ജെ പിക്ക് കഴിയില്ല, പക്ഷേ പരീക്ഷാ ഫോമുകളിൽ 18 ശതമാനം ജിഎസ്ടി ചുമത്തുന്നത് അവരുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതിന് സമാനമാണ്. അഗ്നിവീർ ഉൾപ്പെടെ എല്ലാ സർക്കാർ ജോലി ഫോമുകളിലും ജിഎസ്ടി ഈടാക്കുന്നുണ്ട്” പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
സുല്‍ത്താന്‍പൂരിലെ കല്യാണ്‍ സിങ് സൂപ്പര്‍ സ്പെഷ്യാലിറ്റി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഒരു ഫോം സഹിതമാണ് പ്രിയങ്ക സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്. ഫോമില്‍ ജനറല്‍, ഒ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 180 രൂപ ജിഎസ്ടി ഉള്‍പ്പെടെ 1180 രൂപയാണ് ഫീസ്. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 180 രൂപ ജിഎസ്ടി അടക്കം 708 രൂപ ഫീസും ഈടാക്കുന്നതായി കാണിക്കുന്നുണ്ട്. ഫോം പൂരിപ്പിച്ച ശേഷം സര്‍ക്കാരിന്റെ അനാസ്ഥ കാരണമോ അല്ലാതെയോ പരീക്ഷപേപ്പര്‍ ചോര്‍ന്നാല്‍ യുവാക്കള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും പ്രിയങ്ക വ്യക്തമാക്കി.