ക്രിസ്തുമസ് കാർഡുകൾ നിർമ്മിച്ച് ജെ. പി. എം. വിദ്യാർത്ഥികൾ
ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമായ് ക്രിസ്തുമസ് കാർഡുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ.
സ്നേഹത്തിൻ്റെ സന്ദേശം പ്രിയപ്പെട്ടവരിലേക്ക് ക്രിസ്തുമസ് കാർഡുകളിലൂടെ കൈമാറിയിരുന്ന ഇന്നലെകളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് വിവിധ ഡിപ്പാർട്ടുമെൻ്റുകളിലെ വിദ്യാർത്ഥികൾ കാർഡുകൾ നിർമ്മിച്ചത്. വെട്ടിയൊരുക്കിയ പേപ്പറിലും കട്ടികാർഡുകളിലും കൈയെഴുത്തും ചിത്രപ്പണികളും ആലേഖനം ചെയ്ത് വ്യത്യസ്തരൂപത്തിലും വർണ്ണത്തിലുമുള്ള കാർഡുകളാണ് ഒരുക്കിയിട്ടുള്ളത്.
ഒന്നരനൂറ്റാണ്ടിന്റെ ചരിത്രമുണ്ട് ക്രിസ്മസ് കാർഡിന്. 1843 ൽ അക്കാലത്തെ പ്രശസ്ത ചിത്രകാരനായിരുന്ന ജോൺ കാൽക്കോട്ട് ഹോസ്ലി ബ്രിട്ടീഷ് മ്യൂസിയത്തിൻ്റെ ഡയറക്ടർക്കയച്ചുകൊടുത്ത കാർഡായിരുന്നു ലോകത്തിലെ ആദ്യത്തെ സചിത്രമായ ക്രിസ്തുമസ് കാർഡ്.
ഒരു കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ചിരുന്ന് ക്രിസ്തുമസ് ആഘോഷിക്കുന്ന അതിമനോഹരമായ ചിത്രമാണ് അതിൽ വരച്ചു ചേർത്തത്.
സന്ദേശംമാത്രമായി കാർഡൊരുക്കിയത് 1842-ൽ വില്യം ഈഗ്ലിയാണ്. അദ്ദേഹം ഇംഗ്ലണ്ടിൽ നിന്നും അയച്ചുകൊടുത്ത കാർ ഡിൽ, എ മെറി ക്രിസ്മസ് ആൻ ഡ് ഹാപ്പി ന്യൂ ഇയർ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീ ട് ഒരു നൂറ്റാണ്ടിനു ശേഷമാണ് വാലൻ്റൈൻ സന്ദേശങ്ങളുമായി വിവിധയിനം ക്രിസ്മസ് കാർഡുകൾ വിപണിയിലെത്തിയത്.
കമ്പ്യൂട്ടറും സ്മാർട്ട് ഫോണുകളുകളും ജീവിതരീതികളെ മാറ്റിമറിച്ചപ്പോൾ ക്രിസ്തുമസ് കാർഡുകളും വിസ്മൃതിയിലാണ്ടു. സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശങ്ങളുടെ വീണ്ടെടുപ്പുകൂടിയാണ് ഈ കാർഡുനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി. അറിയിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി., പ്രോഗ്രാം കോ-ഓർഡിനേറ്റർ ആതിര സജീവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.