കൃത്യമായ മുന്നൊരുക്കം സുഗമ ദർശനം സാധ്യമാക്കിയെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ
മണ്ഡലകാലം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ സുഗമമായ ദർശനമാണ് ശബരിമലയിൽ. കൃത്യമായി നടത്തിയ മുന്നൊരുക്കമാണ് സുഗമമായ ദർശനം സാധ്യമാക്കിയതെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
“വളരെ സന്തോഷത്തോടെയാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത്.
മണ്ഡലകാലം തുടങ്ങും മുന്നേ നടത്തിയ മുന്നൊരുക്കം കൃത്യമായി നടപ്പാക്കിയതിന്റെ ഗുണമാണ്. തിരക്ക് കൂടുമ്പോൾ പതിനെട്ടാം പടിയിൽ അത് പ്രതിഫലിക്കും. നേരത്തെ
20 മിനിറ്റ് നീളമുള്ള ഒരു ടേൺ ആയിരുന്നു പതിനെട്ടാം പടിയിൽ പോലീസുകാരുടെ ഡ്യൂട്ടി. അത് ഒരു ടേണിൽ 15 മിനിറ്റ് ആക്കി കുറച്ചു. അതോടെ പോലീസുകാരുടെ സമ്മർദ്ദം കുറയുകയും കാര്യക്ഷമത വർധിക്കുകയും ചെയ്തു. ഇതോടെ ഭക്തർക്ക് തടസ്സമില്ലാതെ പതിനെട്ടാം പടി കടന്ന് പോകാവുന്ന സ്ഥിതിയായി,” കൃഷ്ണകുമാർ വിശദീകരിച്ചു.
ഒരേ സമയം 15 ഓളം പോലീസുകാരാണ് പതിനെട്ടാം പടിയുടെ ഇരു വശത്തുമായി ഡ്യൂട്ടി ചെയ്യുക. 15 മിനിറ്റിന് ശേഷം അടുത്ത സംഘം പോലീസുകാർ ചുമതലയേൽക്കും.
മറ്റൊരു പ്രശ്നം ശ്രീകോവിലിന് മുന്നിൽ ഒന്നിലേറെ വശങ്ങളിൽ നിന്ന് വരി വരുമ്പോഴുള്ള തിരക്ക് ആയിരുന്നു. ഇതും നിയന്ത്രിച്ചു. ഇപ്പോൾ ഒരു വശത്തുനിന്നുള്ള വരിയിലൂടെ മാത്രമാണ് ദർശനം. ഒന്നിലേറെ വശങ്ങളിൽ നിന്ന് വരി വരുമ്പോൾ സുഗമ ദർശനം സാധ്യമാകാത്ത ഭക്തർ വീണ്ടും ദർശനത്തിന് ശ്രമിക്കുന്നത് പോലീസിന് സമ്മർദ്ദം സൃഷ്ടിച്ചിരുന്നു.
അനിയന്ത്രിതമായി ആളുകൾ വരുമ്പോൾ പമ്പയിൽ വെച്ചു തന്നെ നിയന്ത്രിക്കുന്ന പദ്ധതിയും വിജയിച്ചു. പമ്പയിലെ പുതുതായി നിർമ്മിച്ച താൽക്കാലിക നടപന്തലിൽ വെച്ചുതന്നെ
ഭക്തരെ
നിയന്ത്രിക്കുന്നതിനാൽ
സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായി.
ദിവസേന 70,000 പേർക്കാണ് വിർച്വൽ ക്യു വഴി പരമാവധി ബുക്കിംഗ്. “സ്പോട്ട് ബുക്കിംഗ് വരും ദിവസങ്ങളിൽ കൂടുമെന്നാണ് പോലീസ് കരുതുന്നത്. എത്ര കൂടിയാലും ഭക്തർക്ക് സുഗമ ദർശനം ഏർപ്പെടുത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.” സ്പെഷ്യൽ ഓഫീസർ പറഞ്ഞു. ചാലക്കയം മുതൽ സന്നിധാനം വരെ സ്ഥാപിച്ച 89 ക്യാമറകൾ വഴിയാണ് പോലീസ് തിരക്ക് തത്സമയം മനസിലാക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും.
ശനിയാഴ്ച (ഡിസംബർ 14) ആകെ 80,186 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. 70,000 പേർ വിർച്വൽ ക്യു വഴിയും 18,040 പേർ സ്പോട്ട് ബുക്കിങ് വഴിയും. ഇതിനുപുറമേ 4,001 പേർ പുൽമേട് വഴിയും എത്തിചേർന്നു.
ശബരിമല ചീഫ് കോർഡിനേറ്റർ
എഡിജിപി എസ് ശ്രീജിത്ത് സന്നിധാനത്തെത്തി നിരന്തരം
ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്.
ഇത്തവണ പോലീസ് ഏർപ്പെടുത്തിയ സ്വാമീസ് ചാറ്റ് ബോട്ടിനും മികച്ച പ്രതികരണമാണ്.
തെലുങ്ക്, കന്നട,തമിഴ് ഭാഷയിൽ അത്യാവശ്യം ഭക്തരോട് സംസാരിക്കാനുള്ള പരിശീലനം പോലീസുകാർക്ക് നൽകിയിട്ടുണ്ട്.
സന്നിധാനത്തെ പോലീസുകാരുടെ സി-ടേൺ ഡിസംബർ 16 ന് തുടങ്ങും. പുതിയ ബാച്ചിലേക്ക് രണ്ടുദിവസം മുൻപേ പൊലീസുകാർ എത്തികഴിഞ്ഞു.
സന്നിധാനത്ത് സ്പെഷൽ ഓഫീസറായി ഏറ്റവും കൂടുതൽ സേവനമനുഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കൊട്ടാരക്കര സ്വദേശിയായ ബി കൃഷ്ണകുമാർ. സന്നിധാനം അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ (എഎസ്ഒ) ടി എൻ സജീവും ജോയിന്റ് സ്പെഷൽ ഓഫീസർ (ജെഎസ്ഒ) മാനന്തവാടി എഎസ്പി ഉമേഷ് ഗോയലുമാണ്.