വനനിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ ജനുവരി 10ന് കട്ടപ്പന ഗാന്ധിസ്‌ക്വയറില്‍ ഏകദിന ഉപവാസസമരം നടത്തും.
അശാസ്ത്രീയമായ നിരവധി ഭൂനിയമങ്ങളാല്‍ ബുദ്ധിമുട്ടുന്ന മലയോര ജനതയ്ക്കുമേല്‍ വീണ്ടും കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കാതെ വനപാലകര്‍ക്ക് അമിത അധികാരങ്ങള്‍ നല്‍കാനും ഇതിലൂടെ ജനജീവിതം കൂടുതല്‍ ദുസഹമാക്കാനുമുള്ള നടപടികളിലേക്ക് കടക്കുന്നത് അംഗീകരിക്കില്ല. വിഷയത്തില്‍ രാഷ്ട്രീ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണം.
പുതിയ വിജ്ഞാപനം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അന്യായമായി അധികാരം നല്‍കുന്നു. വനത്തിലേക്കുള്ള കടന്നുകയറ്റം തടയാന്‍ നിയമങ്ങള്‍ നിലവിലുള്ളപ്പോള്‍, പുതിയ ഭേദഗതി വിജ്ഞാപനത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഏലമലപ്രദേശം പോലെയുള്ള റവന്യുഭൂമിയില്‍ വനംവകുപ്പിന്റെ ഒത്താശയോടെ പരിസ്ഥിതി വാദികള്‍ നടത്തുന്ന അവകാശ വാദങ്ങളും കാര്‍ഷിക മേഖലയെ വനമാക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.
1980ലെ കേന്ദ്ര വനനിയമവും 86ലെ പരിസ്ഥിതി സംരക്ഷണ നിയമവും 1964ലെ കേരള ഫോറസ്റ്റ് ആക്ടും നിലനില്‍ക്കുമ്പോള്‍, അസാധാരണമായ നിയമഭേദഗതിക്ക് വനംവകുപ്പ് തുനിയുമ്പോള്‍ ഭരണ- പ്രതിപക്ഷത്തെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും കണ്ടില്ലെന്ന് നടിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. കൂടിയാലോചന നടത്താതെ ഉദ്യോഗസ്ഥരുടെ താല്‍പര്യപ്രകാരം ഭേദഗതി വരുത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
പുതിയ ഭേദഗതിയിലെ സെക്ഷന്‍ 2ല്‍ ഫോറസ്റ്റ് ഓഫീസറായി ട്രൈബല്‍ വാച്ചറേയും വാച്ചറെയും ഉള്‍പ്പെടുത്തുന്നു. സെക്ഷന്‍ 63പ്രകാരം വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാനും തടവിലാക്കാനും അധികാരം നല്‍കുന്നു. സംശയാസ്പദമായ സാഹചര്യങ്ങളില്‍ എവിടെയും പരിശോധന നടത്താനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരം നിയമ പരിജ്ഞാനമില്ലാത്തവര്‍ക്ക് നല്‍കിയാലുണ്ടാകാവുന്ന പ്രത്യാഘാതം വലുതാണ്. ഭൂവിനിയോഗ ചട്ടങ്ങള്‍ നിര്‍മിക്കാത്തതും സുപ്രീംകോടതിയിലെ കേസ് നീളുന്നതും പട്ടയവിതരണത്തിനും വാണിജ്യ നിര്‍മാണങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതും സമയബന്ധിതമായി പരിഹരിക്കണം. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി ആര്‍ സന്തോഷ്, ആര്‍ മണിക്കുട്ടന്‍, ഡിപിന്‍ പൊന്നപ്പന്‍ എന്നിവര്‍ പങ്കെടുത്തു.