കേന്ദ്ര തീരുമാനം മലയാളികളെ അപമാനിക്കുന്നതിന് തുല്യം; കെ രാധാകൃഷ്ണൻ എം പി
വയനാട് ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് കെ രാധാകൃഷ്ണൻ എം പി. ദുരന്തം നേരിട്ട കേരളത്തെ കുറ്റപ്പെടുത്താനും സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. വലിയ താമസമില്ലാതെ തന്നെ കേരളം വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ ചെലവിന്റെ തുക നൽകണം എന്നുള്ളത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എം പി വ്യക്തമാക്കി.
SDRF ഫണ്ടിൽ നിന്നും പണം ചെലവഴിക്കുന്നതിനു മാനദണ്ഡങ്ങൾ ഉണ്ട്. ആ മാനദണ്ഡങ്ങൾ മാറ്റി തരാനെങ്കിലും കേന്ദ്രം തയ്യാറാക്കണം.സംസ്ഥാന സർക്കാർ ചട്ടങ്ങൾ അനുസരിച്ചാണ് എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. മൃതദേഹങ്ങൾ ഡി എൻ എ ടെസ്റ്റ് നടത്തിയ പണം പോലും വഹിക്കാൻ കേന്ദ്രം തയ്യാറായില്ല. കേന്ദ്രത്തെ അറിയിക്കാത്ത സൈന്യം ഇത്തരത്തിൽ നോട്ടീസ് അയക്കില്ല. വയനാട് വിഷയത്തിൽ എല്ലാവരെയും ഒരുമിച്ചു നിർത്താൻ ആണ് ഇടതുമുന്നണി സർക്കാർ ശ്രമിക്കുന്നത്.
സഹായിക്കാതെ സാങ്കേതിക തടസങ്ങൾ പറഞ്ഞു ഇടത് സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാരെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
കേന്ദ്രം രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും താല്പര്യങ്ങളെ സംരക്ഷിക്കേണ്ടവരാണ്. കേന്ദ്ര സർക്കാരിലേക്ക് നികുതി കൊടുക്കുന്നത് ഇന്ത്യയിലെ മുഴുവൻ ജനങ്ങളാണ്, ആ ജനങ്ങൾ ദുരിതബാധിതരാകുമ്പോൾ അവരെ സഹായിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുകയല്ല ചെയ്യേണ്ടത് പകരം ഉത്തരവാദിത്വം നിറവേറ്റുകയാണ് വേണ്ടത് അദ്ദേഹം പറഞ്ഞു.
അതേസമയം, 2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എത്രയും പെട്ടെന്ന് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ കത്ത് നൽകിയത്. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാൽ വിഷയത്തിൽ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ തുക അടക്കാതെ വെറെ വഴിയില്ല. SDRF ൽ നിന്ന് പണം അടച്ചാൽ പ്രതിസന്ധി രൂക്ഷമാകും.