അമ്മക്കടുവ ഉപേക്ഷിച്ചുപോയ ഇടുക്കി പെരിയാർ ടൈഗർ റിസർവിലെ കടുവക്കുട്ടി നാളെ കാടുകാണാനിറങ്ങുന്നു
അമ്മക്കടുവ ഉപേക്ഷിച്ചുപോയ ഇടുക്കി പെരിയാർ ടൈഗർ റിസർവിലെ കടുവക്കുട്ടി നാളെ കാടുകാണാനിറങ്ങുന്നു. 10 മാസം പ്രായമുള്ള ‘മംഗള’,,,,,,,വേട്ടയാടൽ പരിശീലനത്തിനാണ് രാജ്യാന്തര കടുവ ദിനമായ നാളെ കാട്ടിലേക്കിറങ്ങുന്നത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണു കടുവക്കുട്ടിക്കു ഇത്തരത്തിൽ പരിശീലനം നൽകുന്നത്.
മാസങ്ങൾ നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷം മംഗള കാട്ടിലേക്കിറങ്ങുകയാണ്. പ്രാക്റ്റിക്കൽ ക്ലാസും പരീക്ഷയുമൊക്കെയുണ്ട്. വനംവകുപ്പ് നൽകുന്ന ഭക്ഷണമൊക്കെ കഴിച്ച് സുഖിച്ചായിരുന്നു ഇതുവരെ ജീവിതം. ഇനിമുതൽ ഇരപിടിക്കണം. 25 മീറ്റർ നീളവും, വീതിയുമുള്ള കൂട്ടിൽ ഇട്ടാണ് മംഗളയെ ഇരപിടിക്കാനുള്ള പരിശീലനത്തിനായി കാട്ടിലേക്ക് ഇറക്കുന്നത്. ജീവനുള്ള ഇരയെ കൂട്ടിലേക്കു തുറന്നുവിടുന്നതോടെ പരിശീലനം തുടങ്ങും. കാട്ടിൽ വലിയ മരങ്ങളും ശുദ്ധജല സ്രോതസ്സുമുള്ള സ്ഥലത്താണ് കൂട്. കടുവക്കുട്ടിയെ മറ്റു മൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ കൂടിനു ചുറ്റും വേലിയുണ്ട്. നീരീക്ഷണത്തിനായി ക്യാമറകളും സ്ഥാപിച്ചു. 50 ലക്ഷത്തോളം രൂപയാണു പരിശീലനത്തിന് ചെലവ്.
2020 നവംബർ 21നാണു മംഗളാദേവി വനമേഖലയിൽ നിന്ന് 60 ദിവസം പ്രായമായ കടുവക്കുട്ടിയെ വാച്ചർമാർ കണ്ടെടുത്തത്. മംഗളയെന്ന് പേരിട്ടു. കൈകാലുകൾ തളർന്ന് അവശനിലയിലായ കടുവക്കുട്ടിയെ തള്ളക്കടുവ ഉപേക്ഷിച്ചതാകാമെന്നാണ് കണ്ടെത്തൽ. തള്ളക്കടുവയ്ക്കു വേണ്ടി വനത്തിൽ ക്യാമറ സ്ഥാപിച്ചു തിരച്ചിൽ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചില്ല. തുടർന്നാണ് കടുവക്കുട്ടിയുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുത്തത്