സ്മാർട്ട് സിറ്റി പദ്ധതി ഒരു ചർച്ച പോലും ചെയ്യാതെ അട്ടിമറിച്ചു, വീഴ്ച ടി കോമിനാണെങ്കിൽ എന്തിനാണ് നഷ്ടപരിഹാരം നൽകുന്നത്?; വി ഡി സതീശൻ
സ്മാർട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം വളരെ വിചിത്രമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആരോടും ചർച്ചചെയ്യാതെ ക്യാബിനറ്റ് കൂടി അതിൽ കുറെ തീരുമാനങ്ങൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ തകർച്ചയിൽ ആരാണ് ഉത്തരവാദി? ടി കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞതിൽ തന്നെ സർക്കാർ തെറ്റ് സമ്മതിച്ചു.എന്തിൻ്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
നൂറിലധികം ആളുകൾക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തിന്റെ അവസാന നാളുകളിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നടന്നത്. ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐടി ടവറാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് വർഷമായി സ്മാർട്ട് സിറ്റിയ്ക്ക് എന്താണ് സംഭവിച്ചത്? ഏതെങ്കിലും ഒരു ചർച്ചയിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടോ ? ഒരു മോണിറ്ററിങ് പോലും അവിടെ ഉണ്ടായിരുന്നില്ല. ഇതിൽ ദുരൂഹതകളുണ്ട്. 248 ഏക്കർ ഭൂമിയാണ് അവിടെ ഉള്ളത്, പിന്നിൽ ഭൂമി കച്ചവടമാണ് നടക്കുന്നത്. പദ്ധതി എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് ഉത്തരം പറയേണ്ട ഉത്തരവാദിത്വം സർക്കാരിനാണ് ഉള്ളത്.
സ്മാർട്ട് സിറ്റി പദ്ധതിയിൽ വീഴ്ച ടി കോമിനാണെങ്കിൽ എന്തിനാണ് നഷ്ടപരിഹാരം നൽകുന്നത്. കരാർ ഉള്ളതല്ലേ പെർഫോം ചെയ്യാത്തതിൻ്റെ പേരിലാണെങ്കിൽ അത് ആരാണ്? 2011 ൽ വി എസ് അല്ലേ കരാർവെച്ചത്. കമ്പനി ഒരു പണിയും ചെയ്തില്ലെങ്കിൽ എന്തിനാണ് നഷ്ടപരിഹാരം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.