കണ്ടും ചിരിച്ചും കൊതിതീരും മുന്‍പേ മലയാളികളെ വിട്ടുപോയ അബി; ആമിനത്താത്ത മുതല്‍ അമിതാബ് ബച്ചന്‍ വരെയായി മാറി വിസ്മയിപ്പിച്ച പ്രതിഭയെ ഓര്‍ക്കുമ്പോള്‍…
നടനും മിമിക്രി താരവുമായ കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് ഏഴുവര്‍ഷം. മലയാള സിനിമാ ലോകത്തിന് ഞെട്ടലായിരുന്നു അബിയുടെ അപ്രതീക്ഷിത വിയോഗം.
സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ അബിയെ ആവേശിച്ചതാണ് അനുകരണ കല. സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് കൊച്ചിന്‍ കലാഭവനിലേക്ക് എത്തിയ അബി പിന്നീട് കൊച്ചിന്‍ സാഗറില്‍ ചേര്‍ന്നു. കൊച്ചിന്‍ ഓസ്‌കര്‍ വഴി ഹരിശ്രിയില്‍ എത്തുമ്പോഴേക്കും മിമിക്രി രംഗത്തെ തലപ്പൊക്കമായി അബി മാറി.കോമഡി കാസറ്റുകളുടെ കാലം അടക്കിവാണ മിമിക്രി രാജാവായി അബി. കൂട്ടിന് നാദിര്‍ഷയും ദിലീപും. ദേ മാവേലി കൊമ്പത്തും ഓണത്തിനിടക്ക് പൂട്ടുകച്ചവടവും തുടങ്ങി നിരവധി ഹിറ്റ് കാസറ്റുകളില്‍ അബി തിളങ്ങി.
1991ല്‍ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അബിയുടെ അരങ്ങേറ്റം. അമ്പതോളം സിനിമകളില്‍ വേഷമിട്ടു. കൂടെ തുടങ്ങിയവരും ഒരുമിച്ചു നടന്നവരും പിന്നാലെ വന്നവരുമെല്ലാം സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മിന്നുമ്പോള്‍, വെള്ളിത്തിര അബിയെ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ല. അബിയെന്ന് കേട്ടാല്‍ ഇന്നും ആദ്യം മലയാളി മനസുകളില്‍ ഓടിയെത്തും ആമിനതാത്ത എന്ന കഥാപാത്രം. അബിയുടെ സിനിമാ സ്വപ്നങ്ങള്‍ മകന്‍ ഷെയിന്‍ നിഗമിലൂടെ ഇന്ന് ചിറകുവിരിക്കുന്നു. ആസ്വാദക ഹൃദയങ്ങളില്‍ എന്നും അബിയുണ്ടാകും. ആ നിറഞ്ഞചിരിയുമായി.