സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പ്; അപേക്ഷകൾ അംഗീകരിക്കുന്നതിലും ക്രമക്കേട്; തട്ടിപ്പുകൾ തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന്
സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നെന്ന് സിഎജി റിപ്പോർട്ട്. ഒരു പഞ്ചായത്തിലെ അപേക്ഷകന് മറ്റൊരു പഞ്ചായത്തിൽ പെൻഷന് അനുമതി നൽകുന്നുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. തദ്ദേശ സ്ഥാപന സെക്രട്ടറിയും, വെരിഫൈയിംഗ് ഓഫീസറും ഉത്തരവാദികളാകുമെന്നും റിപ്പോർട്ടിൽ പരാമർശം.
സർക്കാരിനെ കബളിപ്പിച്ചതിൽ നിന്ന് ഈ തുക തിരികെ പിടിക്കണമെന്ന് സി& എജി ശിപാർശ നൽകി. തട്ടിപ്പ് നടത്തിയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സി& എജി ശിപാർശ. സി& എജി റിപ്പോർട്ട് സമർപ്പിച്ചത് 2023 സെപ്റ്റംബറിൽ. ഇതുവരെ പണം തിരികെ പിടിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്ഷന് കൈപ്പറ്റുന്നത്. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരും പട്ടികയിലുണ്ട്. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്ഷന് വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്ഷന് വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്ഷന് വാങ്ങുന്നുണ്ട്.
പെതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്ഷന് കൈപ്പറ്റുന്നതായാണ് വിവരം.
ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെന്ഷന് തുക പലിശ അടക്കം തിരിച്ചു പിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചിട്ടുണ്ട്.