തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കും, സഹകരണ സംഘങ്ങളെ സിപിഐഎം കൊള്ള സംഘമാക്കി: പി വി അൻവർ
വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കുമെന്ന് പി വി അൻവർ എംഎൽഎ. താൻ കൊടുത്ത പരാതികളിൽ തീർപ്പുണ്ടായില്ലെന്ന് ആരോപിച്ച അൻവർ എഡിജിപി എം ആർ അജിത് കുമാറിനെതിരായ അന്വേഷണം ഒരിടത്തും എത്തിയില്ലെന്നും ആരോപിച്ചു. കാലം കൊണ്ട് പലതും മറയ്ക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അൻവർ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ ആൻറി ഗവൺമെൻ്റ് പൾസ് ഉണ്ടാക്കിയത് ഡിഎംകെയാണ്. ആലത്തൂരിൽ പരാജയപ്പെട്ടതിൽ യുഡിഎഫ് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല. തൻ്റെ സ്ഥാനാർത്ഥിയെ പിന്തുണക്കാൻ പറഞ്ഞതാണ്. 34.5 കോടി രൂപയാണ് ഇടത്, വലത്, എൻഡിഎ മുന്നണികൾ ചേർന്ന് ഉപതിരഞ്ഞെടുപ്പിൽ ചെലവാക്കിയത്.
ചേലക്കരയിൽ കിട്ടിയ 3920 വോട്ട് ഡിഎംകെയുടെ കോൺക്രീറ്റ് വോട്ടാണെന്നും അൻവർ കൂട്ടിച്ചേർത്തു. എന്തിനാണ് കേരള ബാങ്ക്? ആരെ സഹായിക്കാനാണ്? ബാത്റൂമിൽ വരെ എസിയുണ്ട്. ജനങ്ങളെ ജപ്തി ചെയ്യാൻ മാത്രമേ കൊള്ളാവൂ. ഇതിനെ ഡിഎംകെ എതിർക്കാൻ പോവുകയാണ്. സഹകരണ സംഘങ്ങളെ കൊള്ള സംഘമാക്കി സിപിഐഎം മാറ്റി.
ജപ്തി വസ്തുക്കൾ വാങ്ങാൻ വരുന്നവരെ തടയണം. ഡിഎംകെ കടാശ്വാസ കമ്മിറ്റി രൂപീകരിക്കും. വന്യമൃഗശല്യ പ്രശ്നം ഡിഎംകെ ഏറ്റെടുക്കും. 2025 ജൂൺ എത്തുമ്പോൾ ഡിഎംകെ ശക്തമായ സംഘടനയായി വളരും. പത്തിൽ കൂടുതൽ എക്സ് എംഎൽഎമാർ ഡിഎംകെയിൽ എത്തുമെന്നും പി വി അൻവർ പറഞ്ഞു.