മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി; പ്രതിസന്ധിയിലാക്കി ഏക്നാഥ് ഷിൻഡെ വിഭാഗം
മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം. ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഏക്നാഥ് ഷിൻഡെ വിഭാഗം മുഖ്യമന്ത്രി പദത്തിൽ അവകാശവാദം കടുപ്പിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
സംസ്ഥാനത്ത് ഇന്നോളമുള്ള ഏറ്റവും വലിയ ജയമാണ് ബിജെപി നേടിയത്. പ്രതിപക്ഷ നേതസ്ഥാനം പോലും അവകാശപ്പെടാൻ കഴിയാതെ പ്രതിപക്ഷ പാർട്ടികൾ തകർന്നടിഞ്ഞു. ആധികാരിക ജയം നേടി അധികാരത്തിലത്തുന്ന മുന്നണിയിൽ ആര് മുഖ്യമന്ത്രിയെന്ന ചോദ്യമാണ് ബാക്കി. മുഖ്യമന്ത്രി പദം ഏക്നാഥ് ഷിൻഡെ വീണ്ടുമൊരിക്കൽ കൂടി കൊതിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഫഡ്നാവിസിന് തന്നെയാണ് സാധ്യത.
ആർഎസ്എസ് പിന്തുണയും ഇക്കാര്യത്തിലുണ്ട്. ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരും ആയേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മഹായുതി സഖ്യം നേതാക്കൾ ഡൽഹിയിലേക്ക്. ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.