ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ ശ്രാദ്ധാചരണ സമാപനം സെന്റ് ജോർജ് ഫൊറോന പള്ളിയിലും സെന്റ് ജോൺസ് ആശുപത്രി ചാപ്പലിലുമായി നടന്നു
ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ ശ്രാദ്ധാചരണ സമാപനം സെന്റ് ജോർജ് ഫൊറോന പള്ളിയിലും സെന്റ് ജോൺസ് ആശുപത്രി ചാപ്പലിലുമായി നടന്നു. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെയും ഇന്ത്യയിലെ ‘ സെൻ്റ് ജോൺ ഓഫ് ഗോഡ്’ പ്രസ്ഥാനങ്ങളുടെയും സിസ്റ്റേ ഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെയും സ്ഥാപക പിതാവാണു ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ്.
1968ൽ ജർമനിയിൽ നിന്നു കട്ട പ്പനയിലെത്തി ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി സെന്റ് ജോൺസ് ആശുപത്രിയും, പ്രതീക്ഷ ഭവനും സ്‌ഥാപിച്ചു പ്രവർത്തിച്ചു. 2005 നവംബർ 21നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം . തുടർന്ന് 2014ൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. തുടർന്നുള്ള നാമകരണ നടപടികൾ നടന്നു വരികയാണ്. 2023-ൽ നാമകരണ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ കല്ലറ തുറന്നു പരിശോധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ഭൗധിക ശരീരം സെന്റ് ജോൺസ് സെമിത്തെരിയിലെ കല്ലറയിൽ നിന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ചപ്പാലിലേക്ക് മാറ്റി സ്‌ഥാപിച്ചു. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അടുത്ത ഘട്ടം നാമകരണ നടപടികൾ നടന്നുവരുയാണ്.
ശ്രാദ്ധാ ചരണത്തിന്റെ സമാപന ദിവസം മാർ ജേക്കബ് മുരിക്കൻ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ കുർബാന അർപ്പിച്ചു. തുടർന്ന് സെന്റ് ജോൺസ് ആശുപത്രി ചാപ്പലിലെ കബറിടത്തിലേക്ക് ജപമാല പ്രദക്ഷിണവും പ്രാർഥനകളും നേർച്ചസദ്യയും നടന്നു. തുടർന്ന് സെന്റ് ജോൺസ് ചാപ്പലിൽ പ്രത്യേക പ്രാർത്ഥനകളും നടന്നു.
ഫാ.ഫ്രാൻസിസ് മണ്ണാപറമ്പിൽ, ഫാ.ജോസ് പറപ്പള്ളിൽ, ഫാ.ജോർജ് പുത്തൻപുര, ഫാ.മാത്യു കൊല്ലംപറമ്പിൽ, ബ്രദർ ബൈജു വാലുപറമ്പിൽ, ബ്രദർ ജോർജ് കിഴക്കേനാത്ത്, ബ്രദർ തോമസ് കാഞ്ഞിരംമൂട്ടിൽ, ബ്രദർ റോയി പള്ളിപ്പറമ്പിൽ, സിസ്റ്റർ നിർമലാ കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.