പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം ജില്ലാ കളക്ടര്‍ അന്വേഷിക്കും, ബിഎല്‍ഒമാരില്‍ നിന്ന് വിശദീകരണം തേടി
പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം ജില്ലാ കളക്ടര്‍ അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കളക്ടര്‍ ബിഎല്‍ഒമാരില്‍ നിന്ന് വിശദീകരണം തേടി. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ഇരട്ട വോട്ട് ഉണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ സമ്മതിച്ചു. ഇരട്ട വോട്ടില്‍ നടപടിയില്ലെങ്കില്‍ 18 ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പ്രഖ്യാപിച്ചു.
ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ഇരട്ട വോട്ട്് പാലക്കാട്ടെ പ്രധാന ചര്‍ച്ചാവിഷയമാകുന്നത്. ബിജെപിയെയും യുഡിഎഫിനെയും ലക്ഷ്യംവെച്ച് സിപിഐഎം ഉന്നയിച്ച ആരോപണമാണ് കത്തിപ്പടരുന്നത്. 2700 വോട്ട് വ്യാജമായി ചേര്‍ത്തു എന്നാണ് ആരോപണം. എല്ലാ കോണുകളില്‍ നിന്നും ആരോപണം വന്നതോടെയാണ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ നിര്‍ബന്ധിതമായത്. അന്വേഷണത്തിന്റെ ഭാഗമായി BLO മാരില്‍ നിന്ന് വിശദീകരണം തേടി. ഇരട്ട വോട്ട്, വോട്ടെടുപ്പ് ദിവസം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ നടപടി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശമുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് പട്ടാമ്പിയിലും പാലക്കാട്ടും വോട്ടുണ്ടെന്ന കോണ്‍ഗ്രസ് ആരോപണം എന്‍ഡിഎ സ്ഥാനാര്‍ഥി സീ കൃഷ്ണകുമാര്‍ സമ്മതിച്ചു.
ഇരട്ട വോട്ടിനെപറ്റി അന്വേഷിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സിപിഐഎം സ്വാഗതം ചെയ്തു. എന്നാല്‍ അന്വേഷണം പ്രഹസനം ആകാന്‍ പാടില്ലെന്നാണ് സിപിഐഎം നിലപാട്. നടപടി ഉണ്ടായില്ലെങ്കില്‍ പ്രചാരണം സമാപിക്കുന്ന ദിവസം ശക്തമായ സമരത്തിലേക്ക് പോകാനാണ് തീരുമാനം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന് പാലക്കാട് വോട്ട് ഉള്ളത് യുഡിഎഫും ബിജെപിയും പ്രചരണ വിഷയം ആക്കുന്നുണ്ട്. എന്നാല്‍ സരിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുളള വീട്ടിലാണ് വോട്ട് ചേര്‍ത്തിരിക്കുന്നത് എന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.