യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെയും പാര്‍ട്ടിക്കെതിരെയും നടത്തുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ കട്ടപ്പന നഗരസഭ ഭരണസമിതിയുടെ ഭരണപരാജയം മറയ്ക്കാനാണെന്ന് കേരള കോണ്‍ഗ്രസ് എം കട്ടപ്പന മണ്ഡലം കമ്മിറ്റി.
റോഷി അഗസ്റ്റിന്‍ മന്ത്രിയാകാന്‍ എല്‍ഡിഎഫിലേക്ക് ചേക്കേറിയെന്നുപറയുന്നത് വാസ്തവ വിരുദ്ധമാണ്. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് എല്‍ഡിഎഫില്‍ ചേര്‍ന്നത്. നഗരസഭ ഭരണസമിതിയുടെ നാല്‌വര്‍ഷത്തെ ഭരണം കട്ടപ്പനയെ പിന്നോട്ടടിക്കുന്നതാണ്.
നാടിന് ഗുണകരമായ യാതൊരുപദ്ധതികളും കഴിഞ്ഞ കാലങ്ങളില്‍ നടന്നിട്ടില്ലന്നും കേരളാ കോൺഗ്രസ് എം നേതാക്കൾ പറഞ്ഞു.
നഗരസഭയിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നു. കട്ടപ്പനയിലെ വഴിവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായി. നഗരസഭ ഓഫീസിനുമുമ്പിലുള്ള റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
കട്ടപ്പന നഗരസഭയില്‍ യാതൊരുവികസന പദ്ധതികളും അഞ്ചുവര്‍ഷത്തിനിടെ നടപ്പാക്കിയിട്ടില്ല.
കട്ടപ്പന താലൂക്ക് ആശുപത്രിക്ക് കോടികള്‍ അനുവദിച്ചിട്ടും സ്ഥലമില്ലാത്തതിനാല്‍ വികസനം വഴിമുട്ടി നില്‍ക്കുന്നു.
സ്ഥലം ഏറ്റെടുക്കാത്ത ഭരണസമിതി ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഡയാലിസിസ് യൂണിറ്റ് വരെ ആരംഭിച്ച് മികച്ച രീതിയില്‍ ആശുപത്രി പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥലപരിധി മാത്രമാണ് ഏക പോരായ്മയെന്നും നേതാക്കൾ പറഞ്ഞു.
എംപ്ലോയിബിലിറ്റി സെന്ററിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നു.
പിഎസ് സിക്ക് ഏഴരക്കോടിയുടെ കെട്ടിടം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.
മലയോര ഹൈവേ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.
കട്ടപ്പനയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്ന 50 കോടിയുടെ ജല്‍ജീവന്‍ മിഷന്‍ പദ്ധതി പുരോഗമിക്കുന്നു.
നഗരസഭയിലെ വിവിധ ഗ്രാമീണ റോഡുകള്‍ക്ക് മന്ത്രി കോടികള്‍ അനുവദിച്ചിട്ടുണ്ട്.
ഇടുക്കി മെഡിക്കല്‍ കോളേജ്, കട്ടപ്പന താലൂക്ക് ആശുപത്രി, കട്ടപ്പന ബൈപാസ് റോഡ്, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവ മുന്‍മന്ത്രി കെ എം മാണിയുടെ കാലത്ത് ബജറ്റില്‍ അനുവദിച്ചതാണ്. അത് കേരള കോണ്‍ഗ്രസിന്റെയും റോഷി അഗസ്റ്റിന്റെയും നേട്ടമാണ്.
കട്ടപ്പന ഗവ. കോളേജ് ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഇവിടെ കൊണ്ടുവന്നതില്‍ കേരള കോണ്‍ഗ്രസിന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. കട്ടപ്പന നഗരസഭ നാലുവര്‍ഷം കൊണ്ട് നാടിന് ഗുണകരമായി ചെയ്ത ഒന്നുമില്ല.
കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കിയത് ജനകീയ സമിതിയാണ്. കല്യാണത്തണ്ടിലെ ഭൂപ്രശ്‌നം കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളി മൂലമുണ്ടായതാണെന്ന് ജനത്തിനറിയാം. കട്ടപ്പനയില്‍ സ്റ്റേഡിയത്തിന് സ്ഥലം എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയവര്‍ കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ ബോര്‍ഡ് അംഗങ്ങളാണെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഷാജി കൂത്തോടി, ടെസിന്‍ കളപ്പുര, ബെന്നി കല്ലൂപ്പുരയിടം, മാത്യു വാലുമ്മേല്‍, ബാബു പുത്തന്‍വീട്ടില്‍, ബിജു വാഴപ്പനാടി, ബിനോയി കുളത്തുങ്കല്‍, ബിനോയി മണിമല എന്നിവര്‍ പങ്കെടുത്തു.