വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍; പിടികൂടിയത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് സമീപത്ത് നിന്ന്
തോല്‍പ്പെട്ടിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ ഉള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് നല്കാന് എന്ന് രേഖപ്പെടുത്തിയ കിറ്റുകളാണ് പിടികൂടിയത്. തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡാണ് ഇവ പിടിച്ചെടുത്തത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ ആണ് കിറ്റുകൾ സൂക്ഷിച്ചിരുന്നത്. കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കർ കിറ്റിൽ പതിപ്പിച്ചുണ്ട്. എന്നാല്‍ കിറ്റുകള്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വിതരണം ചെയ്യാന്‍ നേരത്തെ കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള ദുരന്തബാധിതര്‍ക്കു വിതരണം ചെയ്യാന്‍ വേണ്ടി രണ്ടു മാസം മുന്‍പ് എത്തിച്ചതാണ് കിറ്റുകളെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. കര്‍ണാടക ഉള്‍പ്പെടെയുള്ള പലഭാഗങ്ങളില്‍നിന്ന് എത്തിച്ചവയാണ്. ബാക്കി സ്ഥലങ്ങളിലെല്ലാം വിതരണം പൂര്‍ത്തീകരിച്ചിരുന്നു. ഇവിടെ മറ്റു തിരക്കുകള്‍ കാരണം വിതരണം വൈകി. ഇതുകൊണ്ട് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്നും ആണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.
അതേസമയം വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കിറ്റുകള്‍ നല്‍കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം കൊടുക്കുന്നതിന് തുല്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരി ആരോപിച്ചു.