മാലിന്യമുക്ത നവകേരളം’ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നടത്തി .
മാലിന്യ മുക്ത നവകേരളം പദ്ധതി 2025ൻ്റെ രണ്ടാംഘട്ട പ്രവർത്തന ഉദ്ഘാടനം കമ്പിളികണ്ടം ടൗണിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
മലയാള ഭാഷാ ദിനം കൂടിയായ നവംബർ ഒന്നിന്പദ്ധതി ആരംഭിക്കുമ്പോൾ കാലാകാലങ്ങളായി മലയാളികൾ തുടർന്നുവരുന്ന ശുചിത്വബോധങ്ങളും ഭാഷാ സ്നേഹവും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ കഴിയുമെന്നും, അതിനാൽ തന്നെ വീടും പരിസരവും സമൂഹവും ശുചിത്വമുള്ളതാക്കി സൂക്ഷിക്കാൻ കഴിയണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ശുചിത്വ അന്തരീക്ഷം പൊതുസ്ഥലങ്ങളിലും ഉണ്ടാകേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്ന ബോധ്യമുണ്ടാകണമെന്നും നാടിനെയും പരിസ്ഥിതിയെയും സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നോർക്കണമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കൻകൂടി, പാറത്തോട്, കമ്പിളികണ്ടം, മുക്കുടം ചതുരക്കള്ളിപ്പാറത്തോട് എന്നിവിടങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
ഇതോടൊപ്പം പഞ്ചായത്തിലെ അംഗനവാടികൾ വിവിധ ഓഫീസുകൾ സ്കൂളുകൾ വ്യാപാരസ്ഥാപനങ്ങൾ അയൽക്കൂട്ടങ്ങൾ എന്നിവ ഹരിത സ്ഥാപനങ്ങൾ ആക്കി മാറ്റിയെടുക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു.
ഇത്തരത്തിൽ ഹരിത സ്ഥാപനങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. പദ്ധതിയിലൂടെ കമ്പിളികണ്ടം ടൗൺ സമ്പൂർണ്ണ ഹരിത ടൗൺ ആയി മന്ത്രി പ്രഖ്യാപിച്ചു.
മാലിന്യ സംസ്കരണ സന്ദേശങ്ങൾ ഉയർത്തിക്കാട്ടി കമ്പിളികണ്ടം മിനി സ്റ്റേഡിയത്തിൽ നിന്നും കമ്പിളികണ്ടം ടൗൺ വരെ ശുചിത്വ സന്ദേശ റാലിയും നടന്നു.
കൊന്നത്തടി പഞ്ചായത്തിലെ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പൂന്താളിയിൽ പഞ്ചായത്ത് വക സ്ഥലത്തു നിർമ്മിക്കുന്ന മെറ്റീരിയൽ കളക്ഷൻ സെന്ററിന്റെ ശിലാസ്ഥാപനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
അതോടൊപ്പം പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ കമ്പിളികണ്ടം, കല്ലാർകുട്ടി എന്നിവിടങ്ങളിൽ യാത്രക്കാർക്ക് വഴിയോര വിശ്രമകേന്ദ്രങ്ങളും പൊതുജനങ്ങൾക്കായി തുറന്നു നൽകി. കമ്പിളികണ്ടത് വഴിയോര വിശ്രമവേന്ദ്രൻ നിർമ്മിക്കുന്നതിന് ഭൂമി വിട്ടു നൽകിയവരെയും ചടങ്ങിൽ ആദരിച്ചു.