ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിഷ ഷാജി ഈ മാസം 30 ന് രാജിവയ്ക്കും
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിഷ ഷാജി ഈ മാസം 30 ന് ബുധനാഴ്‌ച രാജിവയ്ക്കും. മുന്നണി ധാരണ പ്രകാരമാണ് രാജി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 14 ൽ 9 സീറ്റുകൾ നേടി ഇടതുപക്ഷ മുന്നണിയാണ് ഇരട്ടയാർ പഞ്ചായത്തിൽ ഭരണം പിടിച്ചത്. 9 തിൽ കേരള കോൺഗ്രസ് എം 4 സീറ്റ് സി പി എം 3, സി പി ഐ 2 എന്നിങ്ങനെയാണ് കക്ഷിനില. ആദ്യ ടേമിൽ 26 മാസക്കാലം കേരള കോൺഗ്രസ് എമ്മിലെ ജിൻസൺ വർക്കിയായിരുന്നു പ്രസിഡന്റ്.
രണ്ടാം ടേമിലെ 20 മാസക്കാലമാണ് ജിഷ ഷാജി ഇപ്പോൾ പ്രസിഡൻ്റായിരിക്കുന്നത്. കാലാവധി പൂർത്തിയായതോടെയാണ് ധാരണ പ്രകാരം ഈ മാസം 30 ന് സ്ഥാനം ഒഴിയുന്നത്. വരുന്ന ഒരു വർഷക്കാലം സി പി ഐ ക്കാണ് പ്രസിഡൻ്റു സ്ഥാനം ലഭിക്കുക. ഒന്നാം വാർഡു മെമ്പർ ബിൻസി ജോണിയും 12-ാം വാർഡുമെമ്പർ ആനന്ദ് സുനിൽ കുമാറുമാണ് സി പി ഐയിൽ നിന്നുള്ള അംഗങ്ങൾ.
സി പി ഐ യിലെ ആനന്ദിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കാനാണ് കൂടുതൽ സാധ്യത . ഗ്രാമപഞ്ചായത്തിലെ പ്രായം കുറഞ്ഞ പഞ്ചായത്തംഗം കൂടിയാണ് നാലുമുക്ക് വാർഡിലെ പ്രതിനിധി ആനന്ദ് സുനിൽകുമാർ എന്തായാലും 30 ന് ജിഷ ഷാജിയുടെ രാജിക്ക് ശേഷമാകും പുതിയ പ്രസിഡൻ്റ് ആരാകുമെന്നതിൽ കൂടുതൽ വ്യക്തത വരുക.