തോട്ടിയാര് ജലവൈദ്യുതപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു
ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി അങ്കണത്തിൽ രാവിലെ 10.30 ന് നടന്ന ഉദ്ഘാടനപരിപാടിയിൽ വൈദ്യുതിവകുപ്പ് മന്ത്രികെ. കൃഷ്ണൻകുട്ടി അധ്യക്ഷനായിരുന്നു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എം പി. ഡീൻ കുര്യാക്കോസ്,ദേവികുളം എം എൽ എ അഡ്വ. എ. രാജ, ഉടുമ്പൻചോല എം എൽഎയും മുൻ വൈദ്യുതിവകുപ്പ് മന്ത്രിയുമായ എം എം മണി, കോതമംഗലം എം എൽ എ ആൻ്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , കെ എസ് ഇ ബി ചെയർമാൻ ബിജുപ്രഭാകർ ,ജില്ലാ കളക്ടർ വി വിഗ്നേശ്വരി , ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ , രാഷ്ട്രീയകക്ഷി നേതാക്കൾ , ഉദ്യോഗസ്ഥപ്രമുഖർ എന്നിവർ സന്നിഹിതരായിരുന്നു.
ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞ അളവിൽ ജലം മതിയെന്നതാണ് തോട്ടിയാർ പദ്ധതിയുടെ പ്രത്യേകത.
റൺ ഓഫ് ദി റിവർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
40 മെഗാവാട്ട് ഉൽപാദനശേഷി.
പ്രതിവർഷം 99 മില്യൺ യൂണിറ്റ് കെ എസ് ഇ ബി ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ട്രയൽ റണ്ണിൽ തന്നെ 173 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചുകഴിഞ്ഞു.
പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലമാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
30 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള രണ്ട് വൈദ്യുത ജനറേറ്ററുകളാണ് തൊട്ടിയാർ ജലവൈദ്യത പദ്ധതിയിലുള്ളത്.
വാളറ എന്ന സ്ഥലത്ത് ദേവിയാറിനുകുറുകെ സ്ഥാപിച്ചിരിക്കുന്ന തടയണയും അനുബന്ധ ജലാശയവുമാണ് പദ്ധതിയുടെ സ്രോതസ്. 222 മീറ്റർ നീളവും ഏഴര മീറ്റർ ഉയരവുമുള്ള തടയണയുടെ സഹായത്തോടെ സംഭരിച്ചിരിക്കുന്ന ജലം 60 മീറ്റർ നീളമുള്ള കനാലിലൂടെയും, തുടർന്ന് 199 മീറ്റർ നീളമുള്ള ടണലിലൂടെയും പ്രവഹിച്ചാണ് 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക്കിലേക്കെത്തുക. 474.3 മീറ്റർ ഉയരത്തിൽ നിന്നും പെൻസ്റ്റോക്കിലൂടെ അതിശക്തിയായി പ്രവഹിക്കുന്ന ജലം പവർഹൗസിലെ വെർട്ടിക്കൽ ഷാഫ്റ്റ് പെൽട്ടൺ ടർബൈനുകളെ ചലിപ്പിക്കുന്നു.
പെരിയാറിന്റെ തീരത്ത്, ദേവികുളം താലൂക്കിലെ മന്നാകണ്ടം വില്ലേജിൽ നീണ്ടപാറ എന്ന സ്ഥലത്താണ് തൊട്ടിയാർ പവർഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഉൽപാദനം കഴിഞ്ഞുള്ള ജലം പെരിയാറിലേക്ക് തന്നെ ഒഴുക്കിവിടുന്ന തരത്തിലാണ് നിർമ്മാണം.
188 കോടി രൂപയാണ് തൊട്ടിയാർ പദ്ധതിയുടെ ആകെ നിർമ്മാണച്ചെലവ്. തൊട്ടിയാറിലെ രണ്ട് ജനറേറ്ററുകളിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി 11 കെ.വി. / 220 കെ.വി. ട്രാൻസ്ഫോർമറുകളിലൂടെ കടന്ന് സ്വിച്ച് യാർഡിലേക്കെത്തുകയും തുടർന്ന് ലോവർ പെരിയാർ-ചാലക്കുടി 220 കെ.വി. ലൈനിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു. നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതികൂടി ഉടൻ പ്രവർത്തന- ക്ഷമമാകുന്നതോടെ കേരള ഗ്രിഡിലേക്ക് 100 മെഗാവാട്ട് വൈദ്യുതിയാണ് പുതുതായി എത്തിച്ചേരുക.