പൊതുജനാരോഗ്യ മേഖലയിലുണ്ടായത് സമഗ്ര പുരോഗതി;മുഖ്യമന്ത്രി പിണറായി വിജയന്
പീരുമേട്: നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ആര്‍ദ്രം മിഷനിലൂടെ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയില്‍ സമഗ്രമായ പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലായുള്ള ആരോഗ്യമേഖലയിലെ വിവിധ പദ്ധതികളുടെ ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഏറെ അഭിമാനം നല്കുന്ന ഒന്നാണ് കേരളത്തിലെ പൊതുജനാരോഗ്യരംഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പീരുമേട് താലൂക്കിലെ സാധാരണ ജനങ്ങളുടെയും തോട്ടം തൊഴിലാളികളുടെയും ആരോഗ്യമേഖലയിലെ പ്രധാന ആശ്രയമാണ് പീരുമേട് താലൂക്ക് ആശുപത്രി. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാര്‍ഡുകള്‍, ഇന്റന്‍സിവ് കെയര്‍ യൂണിറ്റ്, ഓപ്പറേഷന് തിയേറ്റര്‍, കാഷ്വാലിറ്റി എന്നിവിടങ്ങളിലാണ് കേന്ദ്രീകൃത ഓക്സിജന്‍ വിതരണ ശൃംഖല സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് ആരോഗ്യകേരളം ഇടുക്കിയാണ് കേന്ദ്രീകൃത ഓക്സിജന്‍ വിതരണശൃംഖല സ്ഥാപിച്ചത്. യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പീരുമേട് എസ്.എം.എസ് ഹാളില്‍ നടന്ന പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനം പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന് നിര്‍വഹിച്ചു.
ആശുപത്രിയുടെ സമഗ്രമായ പുരോഗതിക്ക് ആവശ്യമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് വാഴൂര്‍ സോമന് എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വയോജന സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം നൗഷാദ് നിര്‍വഹിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.ആനന്ദ്, ഡോ.ജിതിന്, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.