ഗോവർദ്ധിനി – കന്നുകുട്ടി പരിപാലനപദ്ധതിക്ക് തുടക്കമായി :സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു
സർക്കാരിന്റെ നാലാം നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയ ഗോവർദ്ധിനി കന്നുകുട്ടി പരിപാലനപദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഉദ്ഘാടനം മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി
തൊടുപുഴ കാഡ്സ് കിസാൻ കൾച്ചറൽ സെന്ററിൽ നിർവ്വഹിച്ചു. മൃഗങ്ങൾക്ക് ഇ-സമൃദ്ധി പദ്ധതി വഴി ഹെൽത്ത് കാർഡ് ലഭ്യമാക്കുമെന്നും അതിലൂടെ ചികിത്സ ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചർമ്മരോഗം വന്ന് മരണപ്പെടുന്ന പശുക്കൾക്കടക്കം നഷ്ടപരിഹാരം നൽകുന്നുണ്ട്. ആട് വസന്ത എന്ന പുതിയ രോഗത്തിനെതിരെ വാക്സിനേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങൾ സേവനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്ന കാലിത്തീറ്റ പരമാവധി ഒഴിവാക്കി സർക്കാർ സ്ഥാപനങ്ങളായ കേരള ഫീഡ്സ് , മിൽമ എന്നിവയുടെ തീറ്റ ഉപയോഗിക്കാൻ കർഷകർ ശ്രദ്ധിക്കണം.മികച്ച പാലുല്പാദനത്തിന് അംഗീകൃത ബീജ വിതരണ സ്ഥാപങ്ങളെ മാത്രമേ സമീപിക്കാവൂ. കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ഈ രംഗത്ത് ആശ്രയിക്കാവുന്ന സ്ഥാപനമാണ്.മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ പരമാവധി കർഷകരുടെ വീട്ടുപടിക്കലെത്തിക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. മൃഗാശുപത്രികളിൽ ഡോക്ടർമാരുടെ സേവനം രാത്രികാലങ്ങളിൽ ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മിനി ആർ സ്വാഗതം ആശംസിച്ചു. തൊടുപുഴ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി അദ്ധ്യക്ഷത വഹിച്ചു. എസ്.എൽ.ബി.പി. അഡീഷണൽ ഡയറക്ടർ ഡോ.ജിജിമോൻ ജോസഫ് പദ്ധതി വിശദീകരണം നടത്തി.
വിദഗ്ധരുടെ നേതൃത്വത്തിൽ പദ്ധതിയിൽ ഗുണഭോക്താകളായ കർഷകർക്ക് ശാസ്ത്രീയ കന്നുകുട്ടി പരപാലനം എന്ന വിഷയത്തിൽ സെമിനാറും നടന്നു.