ഇടതു സർക്കാരിന്റെ വാഗ്ദാനലംഘനങ്ങളിൽ പ്രതിഷേധിച്ച്കേരളാ കോൺഗ്രസ് ജില്ലാ തലസമരം 26 – ന് ചെറുതോണിയിൽ
ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടതുമുന്നണി സർക്കാരിനെതിരെ കേരളാ കോൺഗ്രസ് നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ 26 – ന്ചെറുതോണിയിൽ പ്രതിഷേധ സംഗമ സമരം നടക്കും.
ഭൂപതിവ് നിയമഭേദഗതി ബിൽ ചട്ടങ്ങൾ രൂപീകരിച്ച് നിർമ്മാണ നിരോധനം പിൻവലിക്കുക,സി.എച്ച്.ആർ ഭൂമി സംബന്ധിച്ച കാര്യത്തിൽ സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക, വന്യജീവിശല്യം തടയാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുക, നഷ്ടപരിഹാര തുക ഉയർത്തി സമയബന്ധിതമായി നൽകുക, മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുവാൻ സർക്കാർ സജീവമായി ഇടപെടുക, മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിന് പണം അനുവദിക്കുക , കർഷകരുടെ വായ്പകളുടെ പലിശ എഴുതിതളളുക, കർഷക-കർഷക തൊഴിലാളി പെൻഷനുകൾ 5000 രൂപയാക്കി ഉയർത്തുക, കർഷക തൊഴിലാളികളുടെയും നിർമ്മാണതൊഴിലാളികളുടെയും ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുക, വരൾച്ചാ ദുരിതാശ്വാസ സഹായം ലഭ്യമാക്കുക, ജില്ലാ ആസ്ഥാനവികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുക, ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കുക, ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരളാ കോൺഗ്രസ് സമരമെന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് അറിയിച്ചു………. രാവിലെ 10.30-ന് ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും.പി.സി.തോമസ്, മോൻസ്‌ജോസഫ് എം.എൽ.എ, ജോയി എബ്രാഹം, ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ് എം.പി.തോമസ് ഉണ്ണിയാടൻ എന്നി സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. സമരം വിജയിപ്പിക്കുവാൻ 20, 21 തീയതികളിൽ എല്ലാ മണ്ഡലം യോഗങ്ങളും കൂടുന്നതാണ്..