‘അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യരുത്; പി പി ദിവ്യയ്‌ക്കെതിരെ ബിനോയ് വിശ്വം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി ബിനോയ് വിശ്വം. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം എന്നുള്ള ധാരണ ശരിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ചെറുപ്പക്കാരിയായ സഖാവ് ആ പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടാകുമെന്നും ദിവ്യയെ ഉന്നംവെച്ച് ബിനോയ് വിശ്വം പറഞ്ഞു.
അധികാരം കൈവരുമ്പോള്‍ ചിലര്‍ക്ക് ഹുങ്ക് വരാം. എന്നാല്‍ ഇടതുപക്ഷ പ്രവര്‍ത്തകരെ സംബന്ധിച്ച് അത് ശരിയായ നടപടിയില്ല. കണ്ണൂരിലെ സംഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തില്‍ സിപിഐയും സിപിഐഎമ്മും തമ്മില്‍ തര്‍ക്കമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. എന്നാല്‍ സിപിഐ-സിപിഐഎം തര്‍ക്കത്തിന്റെ മുഖം തുറക്കാന്‍ തനിക്ക് ആവേശമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
വയനാട്ടില്‍ സിപിഐക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ പക്വതയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിലെ തീരുമാനം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിവേകത്തിന്റെ പ്രശ്‌നമാണ്. ഇന്‍ഡ്യ സഖ്യത്തിലുള്ള ഒരു മുന്നണി മത്സരിക്കുമ്പോള്‍ അവിടെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കണമെന്നുള്ള തീരുമാനം കോണ്‍ഗ്രസ് എന്തുകൊണ്ട് എടുത്തു എന്ന് മനസിലാകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, അന്‍വറും സരിനും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.