വെള്ളക്കെട്ടിൽ വലഞ്ഞ് തമിഴ്നാട്, വർക്ക് ഫ്രം ഹോമിന് നിർദേശം; ബംഗളൂരുവിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ തുടങ്ങിയ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ കനത്ത് മഴയാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 17ഓടെ ന്യൂനമർദം ശക്തി പ്രാപിക്കുകയും ആന്ധ്ര തീരത്തേക്ക് പോകുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫീസുകളിൽ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പുതുക്കോട്ടയിലെ കുടിമിയൻമലയിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചത്. 24 മണിക്കൂറിനിടെ 13 സെ.മീ മഴയാണ് പ്രദേശത്ത് ലഭിച്ചത്. ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്, ഗ്രേറ്റർ ചെന്നൈയിൽ മഴയുടെ പശ്ചാത്തലത്തിൽ പൊലീസ് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
അതേസമയം ബംഗളൂരുവിലും മഴ ശക്തമായി തുടരുകയാണ്. കർണാടകയിൽ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈയാഴ്ച മുഴുവൻ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകാനാണ് സാധ്യത. ഒക്ടബോർ 18ഓടെ മഴയുടെ തീവ്രത കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം 15ന് സംസ്ഥാനത്ത് അതിശക്ത മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്.