‘സ്വർണക്കടത്തിൽ എംകെ മുനീറിന്റ പങ്ക് അന്വേഷിക്കണം’; ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി
സ്വർണക്കടത്തിൽ മുസ്‍ലിം ലീഗ് നേതാവ് എംകെ മുനീറിന്റ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് പരാതി നൽകിയത്. ‘അമാന എംബ്രേസ്’ പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് പ്രതികളുണ്ടെന്നാണു പരാതിയിലെ ആരോപണം. കൊടുവള്ളി മണ്ഡലത്തിൽനിന്നു ദുബായിലേക്കു പോകുന്നയാളുകൾക്കു സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന പദ്ധതിയാണ് ‘അമാന എംബ്രേസ്’.
അമാന എംബ്രേസ് പദ്ധതി പ്രകാരം ആളുകളെ ദുബായിൽ താമസിപ്പിച്ച് സ്വർണക്കടത്ത് ക്യാരിയർമാരായി ഉപയോഗിക്കുന്നുവെന്ന് സംശയമുണ്ട്. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരടക്കം സംശയനിഴലിലാണുള്ളത്. സ്ഥാപനത്തിന്റെ മറവിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തുന്ന സംഭവത്തിൽ മുനീറിന്റെ പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഭരണസമിതി അംഗങ്ങളായ അബുലൈസ്, റഫീഖ് അമാന, ഇക്ബാൽ അമാന, ഒ.കെ.അബ്ദുൽസലാം എന്നിവർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്നവരാണെന്നും പദ്ധതി ഉപയോഗിച്ച് ആളുകളെ സ്വർണക്കടത്ത് കാരിയർമാരായി ഉപയോഗിക്കുന്നുവെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.