ശബരിമല സ്പോട്ട് ബുക്കിങ്; സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്
ശബരിമല സ്പോട്ട് ബുക്കിങിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. താൻ ആദ്യം മുതൽ ഇതാണ് പറയുന്നത്. മാലയിട്ട് വരുന്ന ഒരാൾ പോലും ദർശനം നടത്താതെ മടങ്ങേണ്ടി വരില്ല. ഇനിയും 32 ദിവസമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ചില ആളുകൾ ഇതിനെ സുവർണാവസരമായി കാണുന്നുവെന്നും എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്നും പ്രശാന്ത് വിമർശിച്ചു. തിരുപ്പതിയുമായി ശബരിമലയെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകണമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവിനായി നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. അല്ലെങ്കില്‍ അത് തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും വഴിവെക്കും. അത് വര്‍ഗീയവാദികള്‍ക്ക് മുതലെടുക്കാനുള്ള അവസരമാകുമെന്നും എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു.
എല്ലാവര്‍ക്കും ശബരിമല ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ എത്തുന്നവര്‍ക്ക് വെര്‍ച്വല്‍ ക്യൂ നടപ്പാക്കണം. ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കുക തന്നെ വേണം. കൃത്യമായി സന്നിധിയിലേക്ക് പോകാനും സൗകര്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചത്. സംസ്ഥാനത്ത് മഹാഭൂരിപക്ഷവും വിശ്വാസികളാണ്. തങ്ങള്‍ വിശ്വാസിക്ക് എതിരല്ല. ഒപ്പമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. വിശ്വാസികളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ഒരു വിശ്വാസിയും വര്‍ഗീയവാദിയല്ല. വര്‍ഗീയവാദിക്ക് വിശ്വാസവുമില്ല. വര്‍ഗീയവാദി മതദ്രുവീകരണത്തിന് വേണ്ടി ആയുധമായി വിശ്വാസം ഉപയോഗിക്കുന്നു. വര്‍ഗീയതക്കെതിരായ കരുത്തുറ്റ ശക്തി വിശ്വാസികളാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നു. ശബരിമലയില്‍ പോകുന്നതില്‍ നല്ലൊരു വിഭാഗം സിപിഐഎമ്മുകാരാണ്. കാരണം സമൂഹത്തിലെ വലിയൊരു വിഭാഗം സിപിഐഎമ്മുകാരാണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.