വിറങ്ങലിച്ച് മലനാട്
തോരാ മഴയാണ്. കൂടെ ചീറിയടിക്കുന്ന കാറ്റും. ജില്ല പേടിച്ചുവിറയ്ക്കുകയാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി വ്യാപക കെടുതികളാണ് ജില്ലയിലുണ്ടായത്, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിൽ. കാറ്റിൽ മരംവീണ് രാജകുമാരിയിൽ സ്ത്രീ മരിച്ചു. ഒട്ടേറെ വീടുകളാണ് തകർന്നത്. കൃഷി നശിച്ചു. വൈദ്യുതിത്തൂണുകൾ തകർന്നു. വിതരണക്കമ്പികൾ പൊട്ടിവീണു. പല മേഖലകളും ഇരുട്ടിലാണ്. മണ്ണിടിഞ്ഞും മരം വീണും പലയിടത്തും ഗതാഗതതടസ്സവും ഉണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ആർ.ഒ. ജങ്ഷനിൽ വലിയ മണ്ണിടിച്ചിലുണ്ടായി. ദേശീയപതായിലേയും മൂന്നാർ-മറയൂർ റോഡിലേയും ഗതാഗതം പൂർണമായി നിലച്ചു.
കലിതുള്ളി പുഴകൾ
മിക്ക നദികളിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. പെരിയാർ കരകവിഞ്ഞ് ഒഴുകി. ഏതാനും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മഴ ശക്തമായി തുടർന്നാൽ സ്ഥിതി ഗുരുതരമാകും. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. മുതിരപ്പുഴയാറിലും തൊടുപുഴയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ചയുമായി നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. മൂന്നാർ ഗവ. കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിൽ ആശങ്ക ഉയർത്തുന്നുണ്ട്.
മൂന്നാർ-മറയൂർ റോഡിൽ രാജമല എട്ടാംമൈലിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം നിലച്ചു. മണ്ണ് നീക്കംചെയ്തശേഷം 11 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നാർ-മറയൂർ റോഡിൽ പുതുതായി നിർമിച്ച പെരിയവര പാലത്തിനു സമീപം പതിനഞ്ച് മീറ്ററോളം ദൂരത്തിൽ പ്രധാന പാതയുടെ സംരക്ഷണഭിത്തി തകർന്നു.