സ്റ്റിയറിങ് ഇല്ല ഡ്രൈവർ വേണ്ട, കയറി ഇരുന്നാൽ മാത്രം മതി; മസ്കിന്റെ റോബോ ടാക്സി കളത്തിൽ
ടെസ്‌ല റോബോടാക്‌സികളെ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്. ടെസ്‌ല ഏറെ നാളായി കാത്തിരുന്ന ഡ്രൈവറില്ലാ റോബോടാക്‌സി പ്രോട്ടോടൈപ്പ് മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘സൈബർക്യാബ്’, ‘റോബോവാൻ’ എന്നീ രണ്ട് മോഡലുകളാണ് ലോക വിപണിയിലേക്ക് ടെസ്ല എത്തിക്കാനൊരുങ്ങുന്നത്. റോബോ ടാക്‌സികൾ എത്തുന്നതോടെ ബസിന്റെ ആവശ്യം പോലും ഉണ്ടാകില്ലെന്നാണ് മസ്‌ക് പറയുന്നത്.
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിനടുത്തുള്ള ഒരു സ്വകാര്യ പരിപാടിയിലാണ് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ടെസ്ല റോബോടാക്‌സികൾ അവതരിപ്പിച്ചത്. വാഹന വിപണി രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതായിരിക്കും മസ്കിന്റെ സ്വപ്ന സാക്ഷാത്കാരമായ റോബോ ടാക്സികൾ. ഉപഭോക്താക്കൾക്ക് റൈഡ് ഷെയറിംഗ് ആപ്പിലൂടെ പൊതുജനങ്ങൾക്ക് സെൽഫ് ഡ്രൈവിംഗ് ടെസ്‌ല ക്യാബുകളടെ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. ചിറകുപോലെ ഉയരുന്ന രണ്ട് ഡോറുകളുള്ളതാണ് സൈബർ കാബ്. 2026ൽ ഇതിൻ്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂർണ്ണമായും സെൽഫ് ഡ്രൈവിംഗിനായി പ്രോഗ്രാം ചെയ്താണ് സൈബർകാബ് നിർമ്മിച്ചിരിക്കുന്നത്. ഒരു വാഹനത്തിന് നിയന്ത്രണത്തിനാവശ്യമായ സ്റ്റിയറിങ്ങോ പെഡലുകളോ ഈ സൈബർ ക്യാബിൽ കാണാൻ കഴിയില്ല. രണ്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് സൈബർ ക്യാബ് വിപണിയിലെത്തുക. ടെസ്‌ലയുടെ നിലവിലെ പ്രഖ്യപനം അനുസരിച്ച് സൈബർക്യാബിന് 30,000 ഡോളറിന്(ഏകദേശം 25.19 ലക്ഷം രൂപ) താഴെയായിരിക്കും വില വരുന്നത്.
ടെസ്‌ല റോബോവാൻ എന്ന വാഹനവും അവതരിപ്പിച്ചിരുന്നു. ഒരു ഇലക്ട്രിക്, ഓട്ടോമാറ്റിക് വാഹനം തന്നെയാണിതെങ്കിലും ഏകദേശം ഒരു ബസിൻ്റെ വലുപ്പം റോബോവാന് വരും. 20 പേരെ വഹിക്കാനാകുന്നതാണ് റോബോവാൻ. എന്നാൽ റോബോവൻ്റെ വില എത്രയാണെന്ന് എലോൺ മസ്‌ക് വ്യക്തമാക്കിയിട്ടില്ല. ഓട്ടോണമസ് ബസ് ആയതിനാൽ സ്റ്റിയറിംഗ് വീൽ ഇല്ല.
നിലവിലുള്ള ടെസ്‍ലയുടെ കാറുകളിൽ സെൽഫ് ഡ്രൈവിങ് സൗകര്യങ്ങൾ ഉണ്ടെങ്കിലും അവയ്ക്ക് ഡ്രൈവറുടെ മേൽനോട്ടം ആവശ്യമാണെന്ന് കമ്പനി തന്നെ പറയുന്നുണ്ട്. പൂർണമായും സ്വയം നിയന്ത്രിക്കാൻ ഇവയ്ക്ക് കഴിയാറില്ല. പൂർണമായും സ്വയം പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിങ് കാർ ആണ് റോബോ ടാക്സി.