ഒളിംപിക്സിൽ നേട്ടമുണ്ടാക്കാൻ സജൻ പ്രകാശ്; അമ്മയ്ക്ക് ജന്മനാടിന്റെ ആദരം
ചെറുതോണി∙ ടോക്കിയോയിലെ നീന്തൽ കുളത്തിൽ നിന്നു പൊന്നു വാരാൻ സജൻ പ്രകാശ് ഊഴം കാത്തിരിക്കുമ്പോൾ ഇങ്ങ് ഇടുക്കിയിൽ അമ്മ ഷാന്റി മോൾക്ക് ജന്മനാടിന്റെ ആദരം. ഒളിംപിക്സ് ഉദ്ഘാടന ദിനത്തോട് അനുബന്ധിച്ച് ചീയർ ഫോർ ഇന്ത്യ ചീയർ ഫോർ കേരള ദീപശിഖാ പ്രയാണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഭരണകൂടവും ചേർന്നു നടത്തിയ ചടങ്ങിലാണ് ഇന്ത്യയുടെ സ്വർണ മത്സ്യമായ സജൻ പ്രകാശിന്റെ അമ്മയെ ആദരിച്ചത്. ശരിക്കും അമ്മക്കരുത്തിലാണ് സജൻ പ്രകാശ് ലോകത്തിന്റെ നെറുകയിലുള്ള കായിക വേദിയിൽ നിന്നു നേട്ടങ്ങളെല്ലാം കൊയ്യാനൊരുങ്ങുന്നത്.
സജനെ ലോകമറിയുന്ന നീന്തൽ താരമാക്കിയതിനു പിന്നിലും അമ്മ ഷാന്റിമോളുടെ ആത്മാർപ്പണം മാത്രമാണുള്ളത്. വാഴത്തോപ്പ് മണിയാറൻകുടിലെ സർക്കാർ സ്കൂളിൽ ഒന്നു മുതൽ 7 വരെ ക്ലാസിൽ പഠിച്ച വി.ജെ. ഷാന്റിമോളെന്ന പെൺകുട്ടി സ്കൂളിലേക്കുള്ള കുന്നും മലയുമൊക്കെ ഓടിക്കടന്നാണ് അത്‌ലറ്റിക്സിൽ ബാലപാഠം അഭ്യസിച്ചത്. സ്കൂൾ തല മത്സരങ്ങളിൽ അതിവേഗം കണ്ടെത്തിയതോടെ പരിശീലകരുടെ ശ്രദ്ധ നേടി. ഇതോടെ 8 മുതൽ പഠനം തിരുവനന്തപുരം ജിവി രാജ സ്കൂളിലേക്ക് മാറി. പാലക്കാട് മേഴ്സി കോളജിലായിരുന്നു ഉന്നത വിദ്യാഭ്യാസം. പഠന കാലയളവിൽ ജൂനിയർ നാഷനൽസിലും ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലും അത്‌ലറ്റിക്സിൽ മെഡൽ കൊയ്ത്ത് തന്നെ നടത്തിയ ചരിത്രമാണ് ഷാന്റിക്കുള്ളത്. ഇതോടെ നെയ്‌വേലി ലിഗ്‌നെറ്റ് കോർപറേഷനിൽ (എൻഎൽസി) ജോലി ലഭിച്ചു.