മെഡിക്കൽ കോളജ് ആശുപത്രി: കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിൻ
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തരമായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആശുപത്രിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നുവെന്ന മലയാള മനോരമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ ഉപയോഗിച്ചാണ് മെഡിക്കൽ കോളജ് ആരംഭിച്ചിരിക്കുന്നത്.
ജില്ലയിലെ കോവിഡ് രോഗികൾക്കായി ആശുപത്രിയുടെ സൗകര്യങ്ങൾ മാറ്റി വയ്ക്കേണ്ടി വന്നതിനാലാണു മറ്റു രോഗികൾക്ക് കിടത്തി ചികിത്സ നൽകാനാകാത്തത്. ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രത്യേക അനുമതിയോടെ ബജറ്റ് വിഹിതം നൽകുന്നുണ്ട്. ഇത് തുടരുന്നതിന് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തടസ്സമുണ്ടെങ്കിൽ ജില്ലാ പഞ്ചായത്ത് എൻഎച്ച്എമ്മിനു തുക കൈമാറി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ പ്രത്യേക ഉത്തരവ് ലഭ്യമാക്കും
ഒരുങ്ങുന്നത് അത്യാധുനിക സജ്ജീകരണങ്ങൾ
ആശുപത്രിയുടെ പുതിയ ബ്ലോക്കിൽ ഐപി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതിന് ക്രമീകരണം പൂർത്തിയായിക്കഴിഞ്ഞു. ഇവിടെ 82 ഓക്സിജൻ കിടക്കകൾ സജ്ജമാക്കും. കുട്ടികൾക്കായി വെന്റിലേറ്റർ സൗകര്യം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ നേരിടുന്നതിനു വേണ്ടിയാണ് ഇവിടെ മറ്റു വിഭാഗം രോഗികൾക്ക് കിടത്തി ചികിത്സയ്ക്കായി തുറന്ന് നൽകാത്തത്. അടുത്ത മാസം ആദ്യ വാരത്തോടെ രണ്ടാമത്തെ ബ്ലോക്കും പ്രവർത്തനമാരംഭിക്കും. നിലവിൽ ആശുപത്രിയിൽ എല്ലാ വിഭാഗങ്ങളുടെയും ഒപി പ്രവർത്തിക്കുന്നുണ്ട്. സിടി സ്കാൻ, എക്സ്റേ പീഡിയാട്രിക് വിഭാഗങ്ങളുടെ സജ്ജീകരണവും പൂർത്തിയായി വരുന്നു. റേഡിയോ ഡയഗ്‌നോസ്റ്റിക് പ്രഫസറെ നിയമിക്കുന്നതിന് നടപടികൾ പൂർത്തിയായിട്ടുണ്ട്.
ദന്ത വിഭാഗത്തിന്റെ പ്രവർത്തനവും ഇപ്പോൾ കാര്യക്ഷമമാണ്. 24 ലക്ഷം രൂപ ചെലവ് വരുന്ന നാല് മെഷിനറികൾ കൂടി ഉടൻ ലഭ്യമാകും. ഫൊറൻസിക് വിഭാഗം പൂർണ തോതിൽ നിലവിൽ പ്രവർത്തിക്കുന്നു. ആറ് ഫ്രീസറുകളാണ് പുതുതായി ഇവിടെ ക്രമീകരിച്ചിട്ടുള്ളത് ഇതോടൊപ്പം ഡയാലിസിസ് യൂണിറ്റിന്റെയും മൈക്രോബയോളജി ലാബിന്റെയും പ്രവർത്തനം സുഗമമായി നടക്കുന്നുണ്ട്. ആർടിപിസിആർ ലാബ് പ്രവർത്തനക്ഷമത കൂട്ടാൻ 40 ലക്ഷം രൂപയുടെ മെഷിനറികൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. മിനിറ്റിൽ 1000 ലീറ്റർ ഓക്സിജൻ നിർമിക്കുന്ന പ്ലാന്റ് അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാകും. മെഡിക്കൽ കോളജിൽ കാത്ത് ലാബ് കൂടി ആരംഭിക്കാനുള്ള നടപടികളും പൂർത്തിയാകുകയാണ്.