മൂന്നാറിലും 5 കോടിയുടെ തിമിംഗല ഛര്‍ദി വേട്ട; അഞ്ച് പേർ പിടിയിൽ
അഞ്ചുകോടി വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി മൂന്ന് തമിഴ്നാട്ടുകാരടക്കം 5 പേർ മൂന്നാറില്‍ വനംവകുപ്പിന്റെ പിടിയിലായി. മൂന്നാറിലെ ലോഡ്ജില്‍ വില്‍പനക്ക് ശ്രമിക്കുമ്പോഴാണ് അറസ്റ്റ്. വിദേശ വിപണിയില്‍ വന്‍വിലയുള്ള തിമിംഗലത്തിന്റെ ഛര്‍ദി ഈയടുത്തയിടെ പലതവണ കേരളം വഴി കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പഴയ മൂന്നാർ സ്വദേശി മുനിയസ്വാമി, സഹോദരന്‍ മുരുകൻ, തമിഴ്നാട് വത്തലഗുണ്ട് സ്വദേശി രവികുമാർ, തേനി സ്വദേശികളായ വേൽമുരുകൻ, സേതു എന്നിവരാണ് പിടിയിലായത്.
തമിഴ്നാട് സ്വദേശികളുടെ നേതൃത്വത്തിൽ മൂന്നാറിൽ വച്ച് ആംബർഗ്രിസ് കൈമാറുന്നുവെന്ന രഹസ്യവിവരം വനം വകുപ്പ് വിജിലൻസ് വിഭാഗത്തിന് ലഭിച്ചു. ഇതെതുടർന്ന് വിജിലൻസ് സംഘവും, മൂന്നാർ റേയ്ഞ്ചറുടെ നേത്യത്യത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇവരിൽ നിന്നു പിടിച്ചെടുത്ത ആംബർഗ്രിസിന് വിപണിയിൽ അഞ്ചുകോടി രൂപാ വിലവരുമെന്നാണ് നിഗമനം. പ്രതികള്‍ക്ക് ആംബർഗ്രിസ് ലഭിച്ചതു സംബന്ധിച്ചും, ആർക്കാണ് കൈമാറാൻ കൊണ്ടുവന്നതെന്നും അറിയാന്‍ അന്വേഷണം നടക്കുന്നുണ്ട്.