കവരൈപേട്ടയിലെ ട്രെയിന്‍ അപകടത്തിന് കാരണമായത് സിഗ്നല്‍ തകരാര്‍ എന്ന് സൂചന; 19 പേര്‍ക്ക് പരുക്കേറ്റു; 28 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു
തമിഴ്‌നാട്ടിലെ കവരൈപേട്ടയില്‍ ട്രെയിന്‍ അപകടത്തിന് കാരണമായത് സിഗ്നല്‍ തകരാര്‍ എന്ന് സൂചന. മെയിന്‍ ലൈനിലൂടെ പോകേണ്ട മൈസൂര്‍ ദര്‍ഭാങ്ക ഭാഗ്മതി എക്‌സ്പ്രസിന് ലൂപ്പ് ലൈനിലൂടെ കടന്നുപോകാന്‍ സിഗ്‌നല്‍ ലഭിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ 19 പേര്‍ക്കാണ് പരുക്കേറ്റത്.
അപകടത്തില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാരുമായി മറ്റൊരു ട്രെയിന്‍ പുലര്‍ച്ചെ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. ഇതുവഴിയുള്ള 28 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. ലോക്കോ പൈലറ്റിന്റെ പിഴവാണ് അപകടകാരണം എന്ന നിലപാടിലാണ് റെയില്‍വേ അധികൃതര്‍.
ദര്‍ബാംഗ-മൈസൂരു എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഗുഡ്സ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.