ഭിന്നശേഷിക്കാർ യുഡിഐഡി കാർഡ് എടുക്കണം
ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാരും യുഡിഐഡി കാർഡ് എടുക്കണമെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ ഇടുക്കി ജില്ലാ കോർഡിനേറ്റർ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് യുഡിഐഡി കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. 2015ലെ ഭിന്നശേഷി സെൻസസ് പ്രകാരം ജില്ലയിൽ 26,226 ഭിന്നശേഷിക്കാരുണ്ട് . എന്നാൽ 15219 പേർ മാത്രമാണ് കാർഡിന് അപേക്ഷ നൽകിയിട്ടുള്ളത്.
യുഡിഎഡി കാർഡിന് അപേക്ഷ നൽകേണ്ടത് രണ്ട് രീതിയിലാണ്. നിലവിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് യുഡിഐഡി കാർഡ് ലഭിക്കുന്നതിന് വേണ്ട അപേക്ഷയാണ് നൽകേണ്ടത്. അവർ അപേക്ഷ കൊടുക്കുമ്പോൾ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കാലാവധി ഉള്ളതാണോ എന്ന് പരിശോധിച്ചു വേണം അപേക്ഷ നൽകുവാൻ. ഇത്തരം നൽകുന്ന അപേക്ഷ ഡിഎംഒ തലത്തിൽ പരിശോധിച്ച് അർഹരാണെങ്കിൽ അവർക്ക് യുഡിഐഡി കാർഡ് ജനറേറ്റ് ചെയ്ത് നൽകുന്നതായിരിക്കും.
മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ വരും അപേക്ഷ നൽകുമ്പോൾ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ചോദ്യത്തിന് ഇല്ല എന്ന് സൂചിപ്പിക്കേണ്ടതാണ്. അപേക്ഷ നൽകുമ്പോൾ അവർക്ക് എത്തിച്ചേരാൻ പറ്റുന്ന ആശുപത്രി തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കുക. ജില്ലാ ആശുപത്രി തൊടുപുഴ, ജില്ലാ ആശുപത്രി ഇടുക്കി, താലൂക്ക് ആശുപത്രി നെടുങ്കണ്ടം, താലൂക്ക് ആശുപത്രി കട്ടപ്പന, താലൂക്ക് ആശുപത്രി അടിമാലി, താലൂക്ക് ആശുപത്രി പീരുമേട് എന്നിവിടങ്ങളിലാണ് മെഡിക്കൽ ബോർഡ് ഉള്ളത്.
യുഡിഐഡി കാർഡിന് അപേക്ഷ നൽകുമ്പോൾ നിർബന്ധമായിട്ടും വേണ്ട രേഖകൾ:
- ആധാർ കാർഡ്
- നിലവിലെ വിലാസത്തിൽ വിത്യാസം ഉണ്ടെങ്കിൽ ആ വിലാസം തെളിയിക്കുന്നതിന് വേണ്ട ഐഡി പ്രൂഫ്
- ഫോൺ നമ്പർ
- പാസ്പോർട്ട് സൈസ് ഫോട്ടോ
- വിരൽ അടയാളം / ഒപ്പ്
- മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ
അപേക്ഷകൾ swavlambancard.gov.in എന്ന വെബ്സൈറ്റ് വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നൽകാം.