ഇടുക്കി ഡി.എം.ഒയുടെ സസ്പെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു
അന്വേഷണ റിപ്പോർട്ടിന് മുമ്പ് നടപടിയെടുത്തെന്നും വിലയിരുത്തൽ
തൊടുപുഴ: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡി.എം.ഒ) സസ്പെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. തിങ്കളാഴ്ച സർക്കാർ ജോയിന്റ് സെക്രട്ടറി സസ്പെൻഡ് ചെയ്ത ഇടുക്കി ഡി.എം.ഒ ഡോ. എൽ. മനോജിന്റെ സസ്പെൻഷനാണ് സ്റ്റേ ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പോലും കിട്ടുന്നതിന് മുമ്പാണ് ഡി.എം.ഒയെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന്
ട്രിബ്യൂണൽ നിരീക്ഷിച്ചു. സസ്പെൻഡ് ചെയ്യാനുള്ള കാരണം ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടില്ല. ട്രിബ്യൂണൽ മുമ്പാകെ സർക്കാർ പ്ലീഡർമാർ ഹാജരാക്കിയ രണ്ട് പരാതികളും ഡി.എം.ഒയെ ഉടനടി സർവീസിൽ നിന്ന് നീക്കുന്നതിന് പര്യാപ്തമല്ല. അതിനാൽ 15 വരെ സസ്പെൻഷൻ സ്റ്റേ ചെയ്യുകയാണെന്ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ചെയർമാനായ ട്രിബ്യൂണൽ ഉത്തരവിട്ടു. 15ന് കേസ് വീണ്ടും പരിഗണിക്കും. അതിനകം എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ട്രിബ്യൂണൽ മുമ്പാകെ ഹാജരാക്കാമെന്നും ഉത്തരവിലുണ്ട്.
: നടപടി ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലെന്ന്
ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ലഭിച്ച പരാതികൾ ലഭിച്ചെന്നെ കാരണത്താലായിരുന്നു കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ഡോ. എല്‍. മനോജിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. 15 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നടക്കം ആരോഗ്യവകുപ്പിന് പരാതി പോയിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണമാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സസ്പെന്‍ഷനില്‍ എത്തിയതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഇടുക്കി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. സുരേഷ് വര്‍ഗീസിനാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്. ഇത്തരം സാഹചര്യം നിലനിൽക്കെയാണ് ഡി.എം. ഒ ഇപ്പോൾ അനുകൂല ഉത്തരവ് താൽക്കാലികമായെങ്കിലും നേടിയത്.