കൊവിഡ് 19 വ്യാപനം; തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം അനുവദിക്കുകയില്ല
കര്‍ക്കടകവാവ് ബലിതര്‍പ്പണം അനുവദിക്കുകയില്ല. കൊവിഡ് 19 വ്യാപനം കാരണം ഈ വര്‍ഷം കര്‍ക്കടക വാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഭക്തജനങ്ങള്‍ കൂട്ടമായി എത്തിയാല്‍ സാമൂഹിക അകലം പാലിക്കുന്നതിനോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനോ കഴിയില്ല.സമൂഹ വ്യാപനത്തിന് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ചാണ് കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കിയത്.
അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് കോടി രൂപ അനുവദിച്ച് ഉത്തരവായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ എന്‍ വാസു അറിയിച്ചു. സാമ്പത്തിക സഹായം അനുവദിച്ച് നല്കിയ സംസ്ഥാന സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങള്‍ തുറക്കാനാകാത്തതിനാല്‍ 2020 മാര്‍ച്ച് മുതല്‍ ബോര്‍ഡിന് 650 കോടിയോളം രൂപയാണ് വരുമാന നഷ്ടം. കൂടുതല്‍ ഫണ്ട് ലഭിച്ചില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും മുടങ്ങാനും സാദ്ധ്യതയുണ്ടെന്ന് ബോര്‍ഡ് അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ബോര്‍ഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളില്‍ 5500 ഓളം ജീവനക്കാരുണ്ട്. പ്രധാന വരുമാനസ്രോതസായ ശബരിമലയിലെ വരുമാനം മുടങ്ങിയതാണ് ബോര്‍ഡിന് തിരിച്ചടിയായത്.