പുതിയ ‘നമ്പരാണ്’; സഹായം വേണം: വാട്സാപ്പിലൂടേയും പണം തട്ടൽ
ഫെയ്സ്ബുക്കിനും ഇമെയിലിനും പിറകെ വ്യാജ വാട്സാപ്പ് സന്ദേശം വഴിയും പണം തട്ടാൻ ശ്രമം. വാട്സാപ്പ് വഴിയുള്ള തട്ടിപ്പ് പുറത്തറിയുന്നത് ഇതാദ്യമാണ്. വാട്സാപ്പ് നമ്പർ വഴി ആളെ തിരിച്ചറിയാൻ കഴിയുമെന്നതിനാൽ തട്ടിപ്പിനു സാധ്യതയില്ലെന്നാണ് എല്ലാവരുടെയും വിശ്വാസം. ഇതു മുതലാക്കിയാണ് പുതിയ തട്ടിപ്പിനു തുടക്കമിട്ടിരിക്കുന്നത്. ഇന്നലെ മാത്രം രണ്ടു പരാതികളാണ് ഫയൽ ചെയ്തിരിക്കുന്നത്.
∙ പ്രിൻസിപ്പലിനെയും കുരുക്കി
ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീറിന്റെ പേരിലാണ് വ്യാജ വാട്സാപ്പ് പ്രൊഫൈൽ സൃഷ്ടിച്ച് തട്ടിപ്പു നടത്താൻ ശ്രമിച്ചത്. ഓൺലൈനായി ഇ–ഗിഫ്റ്റ്കാർഡ് വാങ്ങിനൽകണമെന്നാവശ്യപ്പെട്ടാണ് പലർക്കും വാട്സാപ്പ് സന്ദേശം ലഭിച്ചത്. തട്ടിപ്പു നടത്താനുള്ള ശ്രമം തിരിച്ചറിഞ്ഞതിനെത്തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകി. തിരുവമ്പാടി സ്വദേശി ജോഷി ചെറിയാന്റെ പേരിലും ഇത്തരം തട്ടിപ്പ് നടന്നതായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
∙ തട്ടിപ്പിന്റെ പുതിയമാർഗം–ഇ ഗിഫ്റ്റ് വൗച്ചർ
ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.എം.നസീറിന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയ അക്കൗണ്ടിൽനിന്നാണ് പലർക്കും വ്യാജസന്ദേശം ലഭിച്ചത്. പ്രിൻസിപ്പൽ പുതിയ സിം കാർഡ് എടുത്തതാവുമെന്നാണ് സന്ദേശം ലഭിച്ചവർ കരുതിയത്. ആമസോൺ പേയിലൂടെ ഇ–ഗിഫ്റ്റ് വൗച്ചർ വാങ്ങി അയയ്ക്കാനാണ് വ്യാജസന്ദേശത്തിൽ ആവശ്യപ്പെട്ടത്. 5000 രൂപ വീതം വിലവരുന്ന 5 ഗിഫ്റ്റ് കാർഡുകൾ വാങ്ങണമെന്നാണ് നിർദേശം. ഇങ്ങനെ പലരോടും 25,000 രൂപ വീതം വിലവരുന്ന ഗിഫ്റ്റ് കാർഡുകൾ വാങ്ങി നൽകാനാണ് ആവശ്യപ്പെട്ടത്. പ്രോസ്പെക്റ്റ് ഓർഗനൈസേഷൻ എന്ന പേരിലുള്ള ഇമെയിൽ വിലാസത്തിലേക്ക് ഈ കാർഡുകൾ അയച്ചുനൽകാനും സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചവർ വിളിച്ചന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പ്രിൻസിപ്പൽ കെ.എം. നസീറിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സൈബർസെല്ലിൽ പരാതി നൽകി.
∙ ചോദിക്കുന്നത് അത്യാവശ്യത്തിനുള്ള നിസാരതുക
തിരുവമ്പാടി പുഞ്ചകുന്നേൽ ജോഷി ചെറിയാന്റെ സുഹൃത്തുക്കൾക്കും ജോഷിയുടെ പേരിൽ പണമാവശ്യപ്പെട്ട് സന്ദേശം ലഭിച്ചു. അടിയന്തര ആവശ്യത്തിന് 1000, 2000 രൂപ വീതമാണ് ആവശ്യപ്പെട്ടത്. ഒരു നമ്പറിലേക്ക് ഗൂഗിൾപേ ചെയ്യാനാണ് ആവശ്യപ്പെട്ടത്. വാട്സാപ്പായതിനാൽ സംശയം തോന്നാതിരുന്ന സുഹൃത്തുക്കൾ ഉടനെ തുകകൾ നൽകുകയും ചെയ്തു. പിന്നീട് ജോഷിയെ വിളിച്ച് ചോദിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്.
∙ വാട്സാപ്പിലും സുരക്ഷയില്ലേ?
സമീപകാലത്ത് വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടുന്നത് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇമെയിൽ വഴിയുള്ള തട്ടിപ്പുകളും വ്യാപകമാണ്. ഇതിനുപിറകെയാണ് വാട്സാപ്പ് വഴിയുള്ള തട്ടിപ്പുകൾക്കും തുടക്കമിട്ടിരിക്കുന്നത്. വാട്സാപ്പ് വഴി വ്യാജസന്ദേശങ്ങളും വ്യാജ ചികിത്സാരീതികളുമൊക്കെ പ്രചരിപ്പിക്കുന്നത് ആരോഗ്യരംഗത്ത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതിനു തൊട്ടുപിറകെയാണ് പണത്തട്ടിപ്പിനും തുടക്കമിട്ടത്. മറ്റു തട്ടിപ്പുമാർഗങ്ങളേക്കാൾ വാട്സാപ്പ് തട്ടിപ്പുകൾ അതിവേഗം പിടികൂടാമെന്നതാണ് ഏകപ്രതീക്ഷ.