റോഡിന്റെ അരുക് ഇടിഞ്ഞതോടെ ഉണ്ടായ അപകട ഭീഷണി ഒഴിവാക്കാനായി കട്ടപ്പന അമർജവാൻ റോഡിലേക്ക് ഇറക്കി ടാറിങ്ങിൽ സ്ഥാപിച്ച സുരക്ഷാവേലിയും നശിച്ചു
ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന നഗരസഭാ സ്റ്റേഡിയത്തിനു സമീപത്തുകൂടിയുള്ള അമർജവാൻ റോഡിൽ ഇതോടെ അപകട ഭീഷണി വർധിച്ചു.
മുൻപ് മണ്ണിടിച്ചിൽ ഉണ്ടായി ഭീഷണിയിലായിരുന്ന സ്ഥലത്ത് കഴിഞ്ഞ വർഷം വീണ്ടും മണ്ണിടിഞ്ഞതോടെയാണ് റോഡിൽ ടാറിങ്ങിൽ തൂണുകൾ സ്ഥാപിച്ച് അതിൽ സുരക്ഷാ വേലി നിർമിച്ചത്. അതോടെ കഷ്ടിച്ച് ഒരു ബസിന് മാത്രം കടന്നുപോകാവുന്ന നിലയിലേക്ക് റോഡിന്റെ വീതി കുറഞ്ഞു. അതിനാൽ പല വാഹനങ്ങളും വേലിയിൽ തട്ടുന്നത് പതിവായിരുന്നു. കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന തൂണുകൾ ഇളകാനും വേലി നശിക്കാനും ഇത് കാരണമായി. തൂണിൽ നിന്ന് വേർപെട്ടു കിടക്കുന്ന കമ്പികൾ കാൽനട യാത്രക്കാർ അടക്കമുള്ളവർക്ക് ഭീഷണി നിലനിൽക്കുന്നതിനിടെയാണ് വാഹനമിടിച്ച് ഇത് പൂർണമായി നശിച്ചത്.
2017 ഓഗസ്റ്റ് 29നാണ് ഇവിടെ ആദ്യം മണ്ണിഞ്ഞത്. 2018 ഓഗസ്റ്റു പകുതിയോടെ കാലവർഷം ശക്തിപ്രാപിച്ചപ്പോൾ വൻതോതിൽ മണ്ണിടിഞ്ഞതോടെ വലിയ വാഹനങ്ങൾ ഇതുവഴി കടത്തിവിടുന്നത് താൽക്കാലികമായി നിർത്തിയിരുന്നെങ്കിലും ഗതാഗതക്കുരുക്ക് വർധിച്ചതോടെ തീരുമാനം പിന്നീട് മാറ്റി. നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വകയിരുത്തി കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതുവരെ അപകടാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല.