നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വാക്‌സിനേഷനു വൻ തിരക്ക്, 200 ഡോസ് വാക്‌സീന് വേണ്ടി എത്തിയത് 1000 പേർ
നെടുങ്കണ്ടം : താലൂക്ക് ആശുപത്രിയിലെ കോവിഡ് പ്രതിരോധ കുത്തിവെയ്പ് കേന്ദ്രത്തിൽ വൻ തിരക്ക്. വ്യാഴാഴ്ച നൂറ് ഡോസ് വാക്സിൻ എത്തിയപ്പോൾ കുത്തിവെയ്പിനായി എത്തിയത് ആയിരത്തോളം പേരാണ്. കനത്ത കാറ്റും മഴയും അവഗണിച്ച് പുലർച്ചെ നാലുമണി മുതൽ ആളുകൾ എത്തിയിരുന്നു. രാമക്കൽമേട്, കൂട്ടാർ, പാറത്തോട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ടോക്കൺ ലഭിക്കുന്നതിനായി ആശുപത്രിക്ക് മുന്നിൽ നീണ്ട നിര പെട്ടെന്ന് രൂപപ്പെട്ടു. ഇതിനിടെ പലപ്പോഴും ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. കുത്തിവെയ്പിന് എത്തിയവരിൽ പ്രായമായവരുമുണ്ടായിരുന്നു. കൂടുതൽ ആളുകൾ എത്തിയിട്ടും രാവിലെ ഏറെ വൈകിയാണ് ആശുപത്രി അധികൃതർ ടോക്കൺ നൽകാൻ തയ്യാറായതെന്നാണ് ഉയരുന്ന ആക്ഷേപം. മണിക്കൂറുകളോളം വരിനിന്നവർ ടോക്കൺ ലഭിക്കാതെവന്നതോടെ നിരാശരായി മടങ്ങി. കോവാക്സിനാണ് വ്യാഴാഴ്ച താലൂക്ക് ആശുപത്രിയിൽ എത്തിയത്.
ഇതിന്റെ ക്ഷാമം മൂലം പലർക്കും രണ്ടാമത്തെ കുത്തിവെയ്പ് എടുക്കാൻ കഴിഞ്ഞിട്ടില്ല. 45 ദിവസമാണ് രണ്ടാം കുത്തിവെയ്പിനുള്ള കാലാവധി. എന്നാൽ 90 ദിവസം വരെ എത്തിയവരും കുത്തിവെയ്പിനായി എത്തിയിരുന്നു. ഇവർക്കുപോലും വാക്സിൻ ലഭിച്ചില്ല.
വാക്സിനേഷനുള്ള ദിവസങ്ങളിൽ താലൂക്ക് ആശുപത്രിയിൽ വൻ തിരക്കാണ് ആനുഭവപ്പെടുന്നത്. പലദിവസങ്ങളിലും പോലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. കല്ലാറിലെ സ്ഥിരം കുത്തിവെയ്പ് കേന്ദ്രത്തിലും ഇതേ സാഹചര്യമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രതിരോധ കുത്തിവെയ്പ് കേന്ദ്രത്തിൽ ആളുകൾ വരിനിൽക്കുന്നത്. ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. തിരക്ക് നിയന്ത്രിക്കാൻ വാർഡുതലത്തിൽ വാക്സിൻ നൽകുക എന്നുള്ളതാണ് ഏക മാർഗം.
ഉപ്പുതറ : കോവിഡ് അവലോകന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ആരോഗ്യപ്രവർത്തകരെ അധിക്ഷേപിച്ചതായി പരാതി. ബ്ലോക്കുതല രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തിങ്കളാഴ്ച ഉപ്പുതറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടന്ന അവലോകന യോഗത്തിലാണ് സംഭവം.
ഉപ്പുതറ മെഡിക്കൽ ബ്ലോക്കിലെ താലൂക്ക് ആശുപത്രി, സാമൂഹിക-പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർമാരും പാരാമെഡിക്കൽ ജീവനക്കാരുമാണ് യോഗത്തിൽ പങ്കെടുത്തത്. മൂന്ന് ഡെപ്യൂട്ടി ഡി.എം.ഒ.മാർ, ടെക്നിക്കൽ അസിസ്റ്റന്റ്, മാസ് മീഡിയ ഓഫീസർ, മലേറിയ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ഒൻപത് പേരുള്ള സംഘമാണ് യോഗത്തിനെത്തിയത്.
കൃത്യനിർവഹണത്തിൽ ജീവനക്കാർ വീഴ്ചവരുത്തുന്നു എന്ന് പരാമർശിച്ചതിനെ ഹെൽത്ത് ഇൻസ്പെക്ടർമാർ ചോദ്യംചെയ്തു. ഇവരെ അധിക്ഷേപിച്ച് യോഗത്തിൽ നിന്നും ഇറക്കിവിട്ടെന്നാണ് ജീവനക്കാരുടെ പരാതി. ആൻറിജൻ പരിശോധന, വാക്സിനേഷൻ, ക്വാറൻറീൻ മാപ്പിങ്, റിപ്പോർട്ടിങ് തുടങ്ങിയവയ്ക്കായി പണിയെടുക്കുന്ന ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ് ഉന്നതാധികാരികൾ നടത്തിയതെന്ന് ജീവനക്കാർ ആരോപിച്ചു. വാക്സിൻ ചലഞ്ചിൽ ജില്ലാ അധികൃതരുടെ കഴിവുകേട് മറയ്ക്കാൻ കീഴ്‌ജീവനക്കാരെ ശിക്ഷിക്കുകയാണെന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഭരണ-പ്രതിപക്ഷ സർവീസ് സംഘടന പ്രതിനിധികളും കുറ്റപ്പെടുത്തി. ജില്ലയിലെ മറ്റു ഹെൽത്ത് ബ്ലോക്കുകളിലും അവലോകനയോഗങ്ങൾ നടക്കാനുണ്ട്. ഇത്തരം നടപടികൾ ആവർത്തിച്ചാൽ യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് സംഘടനകൾ.
ആരോപണം ശരിയല്ലെന്ന് അധികൃതർ
ജീവനക്കാരെ ആക്ഷേപിക്കുന്ന ഒരു പരാമർശവും യോഗത്തിൽ ഉണ്ടായിട്ടില്ലെന്ന് ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് കെ.വൈ.ജോൺസൺ പറഞ്ഞു. എല്ലാവരും നന്നായി ജോലിചെയ്യുന്നുണ്ട്. എന്നാൽ, ചിലർ ഇതിന്റെ രേഖകൾ കൃത്യമായി തയ്യാറാക്കുന്നില്ല. ഇക്കാര്യം പരാമർശിച്ചതിനെ ചോദ്യംചെയ്ത് യോഗം തടസ്സപ്പെടുത്തുകയാണ് ഒരു ഹെൽത്ത് ഇൻസ്പെക്ടർ ചെയ്തത്. ഡെപ്യൂട്ടി ഡി.എം.ഒ. ഇടപെട്ടപ്പോൾ മറ്റൊരു ഹെൽത്ത് ഇൻസ്പെക്ടറോടൊപ്പം ഇയാൾ പുറത്തു പോകുകയാണ് ഉണ്ടായതെന്നും പറഞ്ഞു.