ആയത്തുല്ല ഖുമൈനി ഇസ്രയേൽ ആക്രമണത്തിന് ഉത്തരവിട്ടത് ഇറാനിലെ രഹസ്യസങ്കേതത്തിൽ നിന്ന്
ഇസ്രയേലിന് നേരെയുള്ള മിസൈൽ ആക്രമണത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി ഉത്തരവിട്ടത് ഇറാനിലെ രഹസ്യസങ്കേതത്തിൽ നിന്നെന്ന് റിപ്പോർട്ട്. ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയെ ഇസ്രായേൽ വധിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് ആയത്തുല്ല ഖുമൈനി മാറിയിരുന്നു. ഇവിടെ ഇരുന്നാണ് ഇസ്രയേലിന് നേരെ ആക്രമണം നടത്താൻ ആയത്തുല്ല ഖുമൈനി ഉത്തരവിട്ടതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇറാനെതിരെ തിരിച്ചടിക്കാൻ തയാറാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇരുന്നൂറോളം മിസൈലുകളാണ് ഇസ്രയിലിൽ ഇറാൻ വർഷിച്ചത്. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വ്യാപക നാശ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തിൽ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രായേലിൻറെ നെവാട്ടിം വ്യോമതാവളം ആക്രമിച്ചെന്നും ഇറാൻ അവകാശപ്പെട്ടു. ഇസ്രായേലിൻ്റെ എഫ്-35 യുദ്ധവിമാനങ്ങൾ സൂക്ഷിക്കുന്ന വ്യോമതാവളമാണ് നെവാട്ടിം.
മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചതായി ഇറാന്റെ വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ ബെയ്റൂട്ടിലും ഗസ്സയിലും ആഘോഷങ്ങൾ നടന്നു. ഇറാനെതിരെ കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചിരുന്നു.