സ്വർണം കടത്തുന്നവരെ സർക്കാരിന് അറിയാം, എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ
മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത് കൊണ്ടാകും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും എന്താണ് അവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ആരാണ് സ്വര്‍ണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സര്‍ക്കാരിന് അറിയാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
‘സര്‍ക്കാരിന് അറിയാം ആരാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന്. സ്വര്‍ണ്ണം കടത്തി ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്ന് സര്‍ക്കാരിന് അറിയാം. ആരോപണങ്ങളില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറയണം. രാജ്യദ്രോഹ പ്രവര്‍ത്തങ്ങള്‍ക്ക് വരെ ഈ പണം ഉപയോഗിക്കപ്പെടുന്നു. ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം,’ അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ അല്ല ഇക്കാര്യങ്ങളില്‍ ഒന്നും നടപടി എടുക്കേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മലപ്പുറത്തിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ദേശീയ മാധ്യമമായ ദ ഹിന്ദുവില്‍ മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തില്‍ മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കേരളത്തിലെത്തുന്നതെന്ന് പറഞ്ഞിരുന്നു.
‘123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വര്‍ണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭാഷയിലാണ് വിമര്‍ശനമുന്നയിക്കുന്നത്.