അരമണിക്കൂര്‍ ജോലിക്ക് ആയിരങ്ങള്‍ നേടാം? വാട്ട്‌സ്ആപ്പില്‍ വരുന്ന തൊഴിലവസരങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കല്ലേ; ‘പണി’ കിട്ടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വാട്ട്‌സ്ആപ്പ് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമായതോടെ വ്യക്തിപരമായ സന്ദേശങ്ങള്‍ മാത്രമല്ല ബിസിനസ് മെസേജുകളും കൈമാറുന്നത് മിക്കവരും വാട്ട്‌സ്ആപ്പ് വഴിയായി. പുതിയ തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലിങ്കുകളും പരിചയമുള്ളവര്‍ക്കൊക്കെ അയച്ചുകൊടുക്കുന്ന പതിവും പലര്‍ക്കുമുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് ഒരു സഹായമാകുമെന്ന നിലയില്‍ നമ്മള്‍ അയച്ചുകൊടുക്കുന്ന ഈ ജോബ് അലര്‍ട്ടുകള്‍ എല്ലാം സത്യത്തില്‍ വിശ്വസിക്കാവുന്നതാണോ? വാട്ട്‌സ്ആപ്പില്‍ സജീവമാകുന്ന തൊഴില്‍ തട്ടിപ്പുകളും ഇതില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.
തട്ടിപ്പ് മെസേജുകളുടെ പൊതുസ്വഭാവം
നമ്മുടെ സ്വന്തം മൊബൈല്‍ ഫോണും ലാപ്‌ടോപും ഉപയോഗിച്ചുകൊണ്ട് വീട്ടിലിരുന്ന് ഒഴിവുസമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നല്ല വരുമാനം ഉണ്ടാക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയാകും മിക്കപ്പോഴും തട്ടിപ്പുകാര്‍ കെണിയൊരുക്കുക. സാധാരണ തൊഴിലുകളേക്കാള്‍ ഉയര്‍ന്ന ശമ്പളവും ഇക്കൂട്ടര്‍ നല്‍കുമെന്ന് അവകാശപ്പെടും.
ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയോ പ്രവര്‍ത്തി പരിചയമോ ഇക്കൂട്ടര്‍ ചോദിക്കുകയോ അതിന് എന്തെങ്കിലും പ്രാധാന്യം നല്‍കുകയോ ചെയ്യില്ല. വാട്ട്‌സ്ആപ്പ് നമ്പരില്‍ മെസേജ് അയക്കാനോ ലിങ്കില്‍ ക്ലിക്ക് ചെയ്യാനോ മെസേജിലൂടെ ഇവര്‍ ആവശ്യപ്പെടും.
എങ്ങനെയാണ് തട്ടിപ്പ് നടക്കുക?
തട്ടിപ്പുകാര്‍ നിങ്ങളെക്കൊണ്ട് പണിയെടുപ്പിച്ച ശേഷം പണം നല്‍കാതെ കബളിപ്പിക്കാനോ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്താനോ സാധ്യതയുണ്ട്. നിങ്ങളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസെന്ന പേരില്‍ പണം തട്ടാനും തട്ടിപ്പുകാര്‍ ശ്രമിച്ചേക്കാം.
തട്ടിപ്പില്‍ പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
നിങ്ങള്‍ അപേക്ഷിക്കുകയോ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കുകയോ ചെയ്യാത്ത ഒരു കമ്പനിയുടെ പേരില്‍ ഓഫര്‍ ലെറ്റര്‍ വാട്ട്‌സ്ആപ്പിലൂടെ വന്നാല്‍ അത് വിശ്വസിക്കരുത്.
തട്ടിപ്പുകാര്‍ ചിലപ്പോള്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ചില കമ്പനികളുടെ ചിത്രങ്ങളും വ്യാജ ലെറ്റര്‍ ഹെഡുകളും ഉപയോഗിച്ചേക്കാം. അവരുടെ വെബ്‌സൈറ്റില്‍ ഉടന്‍ കയറി അതിലെ നമ്പരിലും മെയില്‍ ഐഡിയിലും ബന്ധപ്പെട്ട ശേഷം മാത്രം വാട്ട്‌സ്ആപ്പ് മെസേജിന് മറുപടി കൊടുക്കുക.
ജോലിക്ക് രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങുന്ന കമ്പനികളെ വിശ്വസിക്കാതിരിക്കുക.
വിദേശ നമ്പരുകളില്‍ നിന്ന് വരുന്ന ആകര്‍ഷകമായ ജോലി ഓഫറുകള്‍ കണ്ണുമടച്ച് വിശ്വസിക്കരുത്.
ഒരു മണിക്കൂറിനുള്ളില്‍ അപ്ലൈ ചെയ്യുക, അവസരങ്ങള്‍ ഉടന്‍ തീരും എന്നിങ്ങനെ വരുന്ന മെസേജുകള്‍ തട്ടിപ്പാകാനുള്ള സാധ്യത വളരെ കൂടുതലാണ്.