സിഎച്ച്ആർ മേഖലയിലെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച്സത്യവാങ്മൂലം നൽകും: മന്ത്രി റോഷി അഗസ്റ്റിൻ
സിഎച്ച് ആർ മേഖലയിലെ കർഷകരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളിച്ചും ആശങ്കകൾ പരിഹരിച്ചും ഇതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇതു സംബന്ധിച്ച് അനാവശ്യമായ ആശങ്കകൾക്ക് അടിസ്ഥാനമില്ല. സിഎച്ച്ആർ വിഷയത്തിൽ ജനങ്ങൾക്കുള്ള സംശയം ദൂരീകരിക്കുന്നതിനും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി നെടുങ്കണ്ടം എസ്‌സിബി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായ നിലപാടുകളാണ് വേണ്ടത്. വനം റവന്യൂ വകുപ്പുകളുടെ തർക്കം സർക്കാരിനെ ബാധിക്കില്ല. വകുപ്പിനല്ല ജനങ്ങൾക്ക് ആണ് പ്രാധാന്യം. ജനങ്ങളുടെ താൽപര്യത്തെ ഹനിക്കുന്ന ഒരു തീരുമാനവും സർക്കാർ എടുക്കില്ല. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയാണ്. വന വിസ്തൃതി വർധിപ്പിക്കാൻ ഇടുക്കിയിൽ ഒരിഞ്ചു പോലും സ്ഥലം ഇനി വിട്ടു കൊടുക്കില്ല എന്നതാണ് സർക്കാർ നിലപാട് എന്നും മന്ത്രി വ്യക്തമാക്കി.
സിഎച്ച്ആർ ഭൂമി വനമല്ല, റവന്യൂ ഭൂമിയാണ് എന്നാണ് സർക്കാരിന്റെ നിലപാട്. സുപ്രീം കോടതിയിൽ മുൻപ് നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2023 ൽ കേസ് വീണ്ടും സജീവമായ ഘട്ടത്തിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ജഗദീപ് ഗുപ്തയെ നിയോഗിക്കുകയാണ് സർക്കാർ ചെയ്തത്. സിഎച്ച്ആർ വനമല്ല, റവന്യൂ ഭൂമി തന്നെയെന്ന നിലപാട് കോടതിയിൽ ആവർത്തിക്കുകയും ചെയ്തു.
2023 ലെ വന സംരക്ഷണ ഭേദഗതി നിയമത്തിൽ 1996 നു മുമ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയോട് കൂടി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്ന ഭൂമി വന നിയമത്തിന്റെ പരിധിയിൽ വരില്ല. ഇത് വനഭൂമി ആയി കണക്കാക്കാൻ കഴിയില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സിഎച്ച്ആർ വന ഭൂമിയല്ല എന്ന വാദത്തിന് കൂടുതൽ പരിരക്ഷ നൽകുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
CHR മേഖല പൂർണമായും മുൻപ് ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരമോ ഹൈറേഞ്ച് കോളനൈസേഷൻ പദ്ധതി പ്രകാരമോ കുടിയിരുത്തിയിട്ടുള്ളതാണ്. ഏലപ്പട്ടയമോ,ഏലം കുത്തകപ്പാട്ടമോ,1964 റൂൾ പട്ടയമോ,1993 പ്രത്യേക റൂൾ പട്ടയമോ പ്രകാരം സർക്കാർ നിയമാനുസൃതം പതിച്ചു നൽകിയിട്ടുള്ള ഭൂമിയാണ്. ഈ പട്ടയ നടപടികൾ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ 2023ലെ വനനിയമ ഭേദഗതിയുടെ പരിരക്ഷയും CHR മേഖലയ്ക്ക് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതെല്ലാം മറച്ചു വച്ച് സിഎച്ച്ആര് വിഷയത്തിൽ ചില നിക്ഷിപ്‌ത താൽപ്പര്യക്കാർ വസ്‌തുതാവിരുദ്ധമായ പ്രചരണങ്ങളാണ് ഉയർത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
1897 ലെ തിരുവിതാംകൂർ ഗസറ്റ് വിജ്ഞാപന പ്രകാരം 215720 ഏക്കർ സ്ഥലം സിഎച്ച് ആർ മേഖലയിൽ വനഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന വ്യാജ രേഖയാണ് ഇതുമായി ബന്ധപ്പെട്ട പരിസ്ഥിതി സംഘടന സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇത് 15720 ഏക്കർ മാത്രമാണെന്ന് കോടതിയെ സർക്കാർ ധരിപ്പിച്ചിട്ടുണ്ട്.
സിഎച്ച്ആർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യം ആണുള്ളത്. പരിസ്ഥിതി സംഘടനകൾ നൽകിയ വസ്തുതാ വിരുദ്ധമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാന ത്തിൽ 2002 ലാണ് ഇത് സംബന്ധിച്ച് ആദ്യമായി സുപ്രിം കോടതിയിൽ കേസ് ഉണ്ടാകുന്നത്.
അഡ്വ. ജോയിസ് ജോർജ്ജ് എക്സ് എംപി, സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലീം കുമാർ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. ജെ. ജേക്കബ്, വിവിധ കർഷക – സംഘടനകളെ പ്രതിനിധീകരിച്ച് ഫാ. ആൽബിൻ പുൽത്തകിടിയേൽ, സ്റ്റെനി പോത്തൻ, അഡ്വ. ഷൈൻ വർഗീസ്, മാത്യൂ വർഗീസ്, പി എം ബേബി, സാജൻ കുന്നേൽ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ സദസ്സിൽ പങ്കെടുത്തു സംസാരിച്ചു.