കല്ലട ബസ് ബൈക്കിലിടിച്ചുണ്ടായ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു
അന്തർസംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന യുവാവും മരിച്ചു.
ഗുരുതരമായി പരുക്കേറ്റ് ഏറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടിൽ എബിൻ ജോബി (19) യാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തിൽ ടി.എസ് ആൽബർട്ട് (19) ഇന്നലെ മരിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന എബിൻ്റെ വലതുകാൽ അറ്റുപോയിരുന്നു. മറ്റു ഗുരുതര പരുക്കുകളും സംഭവിച്ചിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റിയിരുന്നു. ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു.
ആൽബർട്ട് സന്തോഷ് – റീന ദമ്പതികളുടെ മകനാണ്. ആഞ്ജലീനയാണ് സഹോദരി. വർഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.